ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി,​ വൈറസുകൾക്കെതിരെ പോരാട്ടത്തിന് സജ്ജം

Tuesday 24 June 2025 4:42 AM IST

അഭിമുഖം

ഡോ. ഇ. ശ്രീകുമാർ

ഡയറക്ടർ,​

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി

ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന ശത്രുവിനെതിരായ യുദ്ധം പോലെയാണ് വൈറസുകൾക്കെതിരായ പോരാട്ടം. കേരളത്തിൽ ഇന്ന് വൈറസ് ഗവേഷണത്തിനും പ്രതിരോധത്തിനും സുസജ്ജമായ സംവിധാനമുണ്ട്. നാലുവർഷം മുമ്പ് നിലവിൽ വന്ന തലസ്ഥാനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ.എ.വി) അതിവേഗം മുന്നേറുകയാണ്.

നിപ്പയും കൊവിഡും മറ്റും ഉയർത്തിയ വെല്ലുവിളികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതിയ കാലത്ത് വൈറസുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഐ.എ.വിയുടെ ലക്ഷ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? ഗവേഷണ രംഗത്ത് ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഇടപെടൽ.

എട്ടു വിഭാഗങ്ങളുണ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ. എല്ലാ വിഭാഗത്തിലും ശാസ്ത്രജ്ഞരും അവർക്ക് ഗൈഡ്ഷിപ്പുമുണ്ട്.

റിസർച്ച്, അക്കാഡമിക്, സർവീസ് പ്രോഗ്രാമുകളാണ് ഉള്ളത്. റിസർച്ചിൽ ഫ്ലാഗ്ഷിപ്പ് പ്രോജക്ടുകളും ശാസ്ത്ര‌ജ്ഞർ സ്വന്തം നിലയിൽ ഗ്രാന്റ് കൊണ്ടുവരുന്ന പ്രോജക്ടുകളുണ്ട്. അക്കാഡമിക് പ്രോഗ്രാമിലാണ് പിഎച്ച്.ഡി

പ്രോഗ്രാം തുടങ്ങിയവ. കൊച്ചിൻ യൂണിവേഴ്സിറ്റി,​ യുനെസ്‌കോയുടെ സഹകരണത്തോടെ ഫരീദാബാദിലുള്ള റീജിയണൽ സെന്റർ ഫോർ ബയോടെക്നോളജി എന്നിവിടങ്ങളുമായാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഫുൾ ടൈം പിഎച്ച്.ഡിയാണ്. അസാപ്പുമായി ചേ‌‌ർന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. മോളിക്യുലാർ വൈറോളജി ആൻഡ് അനലറ്റിക്കൽ ടെക്‌നിക്‌സ് എന്ന വിഷയത്തിലാണ് മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം. ഇത് ഡിപ്ലോമയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ഒരു ബാച്ച് കഴിഞ്ഞു.

?​ ജനങ്ങൾക്ക് നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൻെറ സേവനമുണ്ടോ.

 മോളിക്യുലാർ ഡയഗ്നോസിസ് സർവീസിലൂടെ ഇതിനകം സേവനം ലഭ്യമാക്കിയിട്ടുണ്ട്. 85 വ്യത്യസ്ത പരിശോധനകൾ ഇപ്പോൾ ഇവിടെ നടത്തുന്നു. 60 എണ്ണം വൈറസ് നിർണയത്തിനും മറ്റുള്ളവ ബാക്ടീരിയകൾക്കുള്ളതുമാണ്. സിൻഡ്രോമിക് അപ്രോച്ചിലൂടെ ടെസ്റ്റിംഗ് പാനലായാണ് പരിശോധനകൾ. ഒരു സാമ്പിളിൽ നിന്ന് ഒരുകൂട്ടം വൈറസുകളെയോ ബാക്ടീരിയകളെയോ കണ്ടെത്തുന്ന പരിശോധനയാണ്. അപ്പോൾ എന്തിനു വേണ്ടിയാണോ പരിശോധന നടത്തുന്നത്,​ അതിനപ്പുറത്തേക്ക് വിശദമായ ഫലം ലഭിക്കും. ഇത് ചികിത്സയും വേഗത്തിലാക്കും.

ശ്വാസകോശ സംബന്ധമായ ഒരു വൈറസിനെ കണ്ടെത്താനാണ് സാമ്പിൾ എത്തിക്കുന്നതെങ്കിൽ ശ്വസകോശത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഒരുകൂട്ടം വൈറസുകളുടെ നിർണയമാണ് നടത്തുക. ഡെങ്കിയും ചിക്കുൻഗുനിയയും ഉൾപ്പെടെ കണ്ടെത്താനുള്ള പരിശോധനകളുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്തു നിന്ന് മാത്രമായിരുന്നു സാമ്പിൾ. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു മുതൽ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സാമ്പിളുകൾ അയയ്ക്കുന്നുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികൾക്ക് ഒരുപോലെ ഇൻസ്റ്റിറ്റ്യൂട്ട് സേവനം ലഭ്യമാക്കുന്നു. സ്വകാര്യമേഖലയിൽ 15,000 രൂപയ്ക്കുള്ള വൈറൽ പാനൽ പരിശോധന ഇവിടെ 2500 രൂപയ്ക്കും സർക്കാർ ആശുപത്രികൾക്ക് 750 രൂപയ്ക്കും ലഭിക്കും.

?​ ചെറിയ കാലയളവിലെ വലിയ നേട്ടമായി കരുതുന്നത്...

വൈറൽ ബയോ അസൈ സംവിധാനം വികസിപ്പിച്ചതാണ് അത്തരമൊരു നേട്ടം. കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വിഭാഗത്തിന്റെ സഹജ് എന്ന പ്രോഗാമിന്റെ ഭാഗമായാണ് ഇത്. ആന്റി വൈറൽ- ആന്റിബോഡി സാന്നിദ്ധ്യങ്ങൾ കണ്ടെത്തുന്നതിനുള്ള അസൈകളാണ് വികസിപ്പിക്കുന്നത്. പേവിഷ പ്രതിരോധ വാക്സിൻ മുൻകൂട്ടിയെടുക്കുന്ന മനുഷ്യരിലും മൃഗങ്ങളിലും ആന്റിബോഡി സാന്നിദ്ധ്യം നിലനിൽക്കുന്നു എന്ന് തിരിച്ചറിയണം. എങ്കിലേ ബൂസ്റ്റർ ഡോസിന്റെ അളവ് നിർണയിക്കാനാകൂ. രക്തപരിശോധനയിലൂടെ ഇത് തിരിച്ചറിയാം. പാലോടുള്ള മൃഗസംരക്ഷണ വകുപ്പിൻെറ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമൽ ഡിസീസസ് ലാബിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും സാമ്പിളുകൾ പരിശോധിച്ചിരുന്നു, കേരളത്തിൽ മറ്റെവിടെയുമില്ല. ബംഗളൂരുവിൽ 3000 രൂപയാണ് ഈ പരിശോധനയ്ക്ക്. ഇവിടെ 500 രൂപയ്ക്ക് ചെയ്യാം.

?​ മുന്നിലുള്ള പ്രധാന ലക്ഷ്യം.

നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള ഓറൽ റാബീസ് വാക്സിൻ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനു മുന്നോടിയായാണ് ആന്റിബോഡി തിരിച്ചറിയുന്ന അസൈ വികസിപ്പിച്ചത്. വാക്സിൻ തയ്യാറാക്കി മൃഗങ്ങൾക്ക് നൽകിയാൽ അത് ഫലപ്രദമാകുന്നുണ്ടോയെന്ന് അറിയാൻ ഈ സംവിധാനം കൂടിയേതീരൂ. ഭക്ഷണ രൂപത്തിൽ വാക്സിൻ തയ്യാറാക്കി മൃഗങ്ങൾക്കു നൽകും. ഇതിലൂടെ പേവിഷത്തിനെതിരായ പ്രതിരോധം തീർക്കാനാകും.

?​ ഇൻസ്റ്റിറ്റ്യൂട്ടിൻെറ അടുത്ത ഘട്ടം.

ബി.എസ്.എൽ- 3 ലാബിൻെറ പണി പുരോഗമിക്കുകയാണ്. ഓറൽ വാക്സിൻ ഉൾപ്പെടെ വികസിപ്പിക്കാൻ അതീവ സുരക്ഷയുള്ള ബി.എസ്.എൽ-3 ലാബ് വേണം. അടുത്ത ജനുവരിയിൽ കമ്മിഷൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പൂർണമായും സംസ്ഥാന സർക്കാരിൻെറ പണമാണ് വിനിയോഗിച്ചത്. 22 കോടി രൂപയാണ് ചെലവ്. ഇത് വൈറസ് നിർണയരംഗത്ത് കേരളത്തിന്റെ പുതിയ ചുവടുവയ്പാകും. നിലവിൽ ബി.എസ്.എൽ- 2 പ്ലസ് ലാബ് വരെ ഇവിടെയുണ്ട്. പുതിയ ബി.എസ്.എൽ-3 ലാബിന്റെ ആദ്യനിലയിൽ പരീക്ഷണത്തിനുള്ള മൃഗങ്ങളെ പാർപ്പിക്കും. മുകൾനിലയിലാണ് ലാബ്. പലതരം വാക്സിനുകളുടെ ഗവേഷണത്തിന് ഉൾപ്പെടെ നിർവീര്യമാക്കാത്ത വൈറസുകളെ കൈകാര്യം ചെയ്യേണ്ടത് ബി.എസ്.എൽ- 3 ലാബുകളിലാണ്.

?​ പുതിയ വൈറസുകളെ കണ്ടെത്താൻ സംവിധാനമുണ്ടോ.

നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ വൈറസുകളുടെയും സാമ്പിളുകൾ ഇവിടെയുണ്ട്. ഇനി റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുള്ള ചില വൈറസുകളെയും സൂക്ഷിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനാണിത്. പുതിയൊരു വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള സ്വീക്വൻസിംഗ് സംവിധാനങ്ങളുമുണ്ട്.

?​ മുന്നോട്ടുള്ള യാത്ര.

നിലവിലുള്ള വകുപ്പുകളെ ശക്തിപ്പെടുത്തുകയാണ് പ്രധാനം. കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചും പുതിയ വകുപ്പുകളുണ്ടാക്കിയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വലിപ്പം കൂട്ടുന്ന രീതിയല്ല. ചുവടുറപ്പിച്ച് സുശക്തമായ രീതിയിൽ മുന്നോട്ടു പോവുക എന്നതാണ് പ്രധാനം. ഇത്തരമൊരു ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഗുണഫലം ജനങ്ങളിലെത്താൻ കുറഞ്ഞത് പത്തു വർഷമെടുക്കും. പരിശോധനകളാണ് അതിവേഗം നൽകാൻ കഴിയുന്നത്. അത് ഇതിനകം ലഭ്യമാക്കി.

സർക്കാർ നൽകുന്ന പണത്തിന്റെ 95 ശതമാനവും അതത് സാമ്പത്തിക വർഷം തന്നെ ചെലവഴിക്കുന്ന സ്ഥാപനം കൂടിയാണിത്.