അനുമതി നിഷേധം: 'ജാനകി' നിർമ്മാതാവ് കോടതിയിലേക്ക്

Tuesday 24 June 2025 1:14 AM IST

കൊച്ചി: പേരിനെച്ചൊല്ലി പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിനെതിരെ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള" (ജെ.എസ്.കെ) നിർമ്മാതാവും സംവിധായകനും കോടതിയെ സമീപിക്കും. പേര് മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അണിയറപ്രവർത്തകർക്ക് സിനിമാസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജാനകി എന്നത് സീതാദേവിയുടെ പര്യായമായതിനാൽ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് വാക്കാൽ ആവശ്യപ്പെട്ടിരുന്നു. പീഡനത്തിനിരയായ കഥാപാത്രത്തിന് സീതയുടെ പേര് ഒഴിവാക്കണമെന്നാണ് ആവശ്യം. രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാൻ നിർമ്മാതാവ് ജെ. ഫണീന്ദ്രകുമാർ, തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ നാരായണൻ എന്നിവർ നടപടി ആരംഭിച്ചു. നിർമ്മാതാവിന് പിന്തുണ നൽകുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.

ഈ മാസം 27ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രദർശനാനുമതി നിഷേധിച്ചത്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ.എസ്.കെയെ കോടതി മുറി ത്രില്ലർ സിനിമയെന്നാണ് വിശേഷിപ്പിക്കുന്നത്.