ബ്രൂവറി: അനുമതികൾ കോടതിയുടെ തീർപ്പിന് വിധേയം
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയായ ഒയാസിസിന് പഞ്ചായത്തടക്കം നൽകുന്ന അനുമതികൾ പൊതുതാത്പര്യ ഹർജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവിധ അനുമതികൾക്കായി ഏകജാലക സംവിധാനം വഴി കമ്പനി അപേക്ഷ നൽകിക്കഴിഞ്ഞതായി ഹർജിക്കാർ ചൂണ്ടിക്കാട്ടിതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രൂവറിക്ക് അനുമതി നൽകുന്നതിനെതിരെ എലപ്പുള്ളി സ്വദേശി എസ്. ശ്രീജിത് അടക്കം നൽകിയ നാല് പൊതുതാത്പര്യ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്. ബ്രൂവറിയുമായി ബന്ധപ്പെട്ട അപേക്ഷകൾ മെരിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കൂ എന്നറിയിച്ച് അധികൃതർ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഒയാസിസ് കമ്പനിയും വിശദീകരണം നൽകിയിട്ടുണ്ട്. ഇതിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. വിഷയം ജൂലായ് 7ന് വീണ്ടും പരിഗണിക്കും. ബ്രൂവറിക്ക് നേരത്തേ സർക്കാരിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചിരുന്നു.