പച്ചക്കറിയുടെ മറവിൽ കടത്തിയ 14 കിലോ കഞ്ചാവ് പിടികൂടി

Tuesday 24 June 2025 12:16 AM IST

പെരുമ്പാവൂർ: പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവിൽ കടത്തിയ 14 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടു പേരെ ആലുവ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ പരപ്പാളയം കുമാരസ്വാമി ലേഔട്ടിൽ സന്തോഷ് (36), പാലക്കാട് കുഴൽമന്ദം ചിതലി മരത്തക്കാട് വീട്ടിൽ രതീഷ് അയ്യപ്പൻ (45) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്.

മിനി പിക്കപ്പ് വാനിലായിരുന്നു കഞ്ചാവ് കടത്ത്. പാലക്കാട് ചുരം കടന്ന് രാത്രി പ്രധാന പാതയിലൂടെ വന്ന വാഹനത്തെ ചേലാമറ്റത്ത് പൊലീസ് തടഞ്ഞെങ്കിലും ഊടുവഴിയിലൂടെ അമിത വേഗതയിൽ പാഞ്ഞു. പൊലീസ് സാഹസികമായി പിന്തു‌ടർന്നാണ് പിടികൂടിയത്. പച്ചക്കറി പെട്ടികൾക്കൊപ്പം പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 30000 രൂപയ്ക്കാണ് വില്പന. വരുംവഴി മറ്റേതെങ്കിലും സ്ഥലത്ത് കഞ്ചാവ് കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ് പ്രതികൾ.