തെങ്ങിൽ കയറുന്നതിനിടെ ഹൃദയാഘാതം,​ 45 അടി ഉയരത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Tuesday 24 June 2025 1:21 AM IST

താഴെയിറക്കാൻ 3 മണിക്കൂർ ദൗത്യം

കൊച്ചി: തേങ്ങയിടാൻ കയറിയ തെങ്ങുകയറ്റത്തൊഴിലാളി 45 അടി ഉയരത്തിൽ ഹൃദയാഘാതത്തെ തുടർ‌ന്ന് മരിച്ചു. തെങ്ങിൽ കുടുങ്ങിയ മ‌ൃതദേഹം സാഹസികമായി താഴെയിറക്കിയത് മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. വരാപ്പുഴ മുട്ടിനകം മാട്ടുമ്മൽപറമ്പിൽ എം.പി. ഉണ്ണിക്കൃഷ്ണനാണ് (50) മരിച്ചത്.

ഇന്നലെ രാവിലെ എട്ടിന് എളമക്കര യുവകലാതരംഗ് ക്ലബ്ബിന് സമീപം ബേബിസ്മാരക റോഡിൽ കരുവേലിപ്പറമ്പ് പ്രസാദിന്റെ വീട്ടുവളപ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് ദുരന്തം. തൃക്കാക്കര പുക്കാട്ട്പടിയിൽ താമസിക്കുന്ന പ്രസാദിനെ ഫോണിൽ അറിയിച്ച ശേഷമാണ് തെങ്ങിൽ കയറിയത്. അരമണിക്കൂർ കഴിഞ്ഞിട്ടും അനക്കം കേൾക്കാത്തതിനാൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികളും അയൽവാസികളും നോക്കുമ്പോഴാണ് തെങ്ങിൻതലപ്പിന് രണ്ടടിതാഴെ തല താഴേക്ക് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. യന്ത്രം ഉപയോഗിച്ചു കയറുന്ന ഉണ്ണിക്കൃഷ്ണൻ പ്ലാസ്റ്റിക്ക്‌ കയറുപയോഗിച്ച് ദേഹം തെങ്ങിൽ കെട്ടിയിരുന്നു.

ഗാന്ധിനഗറിൽ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും കൈവശമുള്ള ഏണിയുടെ ഉയരം 35 അടി ആയതിനാൽ 45 അടി ഉയരത്തിലേക്ക് പെട്ടെന്ന് കയറാൻ സാധിച്ചില്ല. ബാക്കി ഭാഗത്ത് കമ്പ് ഉപയോഗിച്ച് ചവിട്ടുപടിയുണ്ടാക്കിയാണ് 11.30ഓടെ കയ‌റിൽ കെട്ടി താഴേയിറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.സുരേഷ്‌കുമാർ, ഫയർ ഓഫീസർമാരായ മനോജ്, സുരേഷ്, അഖിൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചനിലയിലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നത്. മുമ്പ് രണ്ട്തവണ ഹൃദയാഘാതം വന്നയാളാണ്. മഞ്ജു ഉണ്ണിക്കൃഷ്ണനാണ് ഭാര്യ. മക്കൾ:ഐശ്വര്യ, അനന്തു ഉണ്ണികൃഷ്ണൻ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നടക്കും.