വാങ്ങുന്നതില്‍ മുന്നില്‍ ചൈനയും ഇന്ത്യയും; സാധനം കൈയില്‍ കിട്ടാന്‍ 80000 വരെ മുടക്കണം

Monday 23 June 2025 9:55 PM IST

ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വര്‍ണ ശേഖരം 25,000 ടണ്‍

കൊച്ചി: ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ ശേഖരം 25,000 ടണ്‍ കവിയുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. രാജ്യാന്തര വിപണിയിലെ വില അടിസ്ഥാനമാക്കിയാല്‍ ഇത്രയും സ്വര്‍ണത്തിന്റെ മൂല്യം 210 ലക്ഷം കോടി രൂപയില്‍(2.4 ലക്ഷം കോടി ഡോളര്‍) അധികമാണ്. നടപ്പുവര്‍ഷത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) മൂല്യത്തിന്റെ 56 ശതമാനം തുകയാണിത്. ഇറ്റലി, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ ഉയര്‍ന്ന മൂല്യമാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിനുള്ളത്. ഇറ്റലിയുടെ ജി.ഡി.പി 2.4 ലക്ഷം കോടി ഡോളറും കാനഡയുടെ ജി.ഡി.പി 2.33 ലക്ഷം കോടി ഡോളറുമാണ്.

2000-11 സാമ്പത്തിക വര്‍ഷം മുതല്‍ വിലയില്‍ വന്‍കുതിപ്പുണ്ടായതോടെയാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വര്‍ണ ആസ്തി തുടര്‍ച്ചയായി ഉയരുന്നത്. വിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഉപഭോക്താക്കള്‍ 782 ടണ്‍ സ്വര്‍ണമാണ് വാങ്ങികൂട്ടിയതെന്ന് വേള്‍ഡ് ഗോള്‍ഡ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപന സമയത്തേക്കാള്‍ 15 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

രാജ്യാന്തര വില 3,500 ഡോളറാകും

ആഗോള മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 3,500 ഡോളര്‍ വരെ ഉയരാന്‍ കാരണമാകുമെന്ന് പ്രമുഖ ധനകാര്യ ഏജന്‍സിയായ യു.ബി.എസ് പ്രവചിക്കുന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില 75,000 രൂപയിലേക്ക് ഉയര്‍ത്തും. ഇന്നലെ സംസ്ഥാനത്ത് പവന്‍ വില 200 രൂപ വര്‍ദ്ധിച്ച് 73,880 രൂപയിലായി.

വിലക്കുതിപ്പിന് അനുകൂലം

1. ഇറാനും ഇസ്രയേലുമായുള്ള യുദ്ധത്തില്‍ അമേരിക്കയും പങ്കാളിയായാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറും

2. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ അമേരിക്കയില്‍ നാണയപ്പെരുപ്പം രൂക്ഷമാക്കുന്നതിനാല്‍ ഡോളര്‍ കൂടുതല്‍ ദുര്‍ബലമായേക്കും

3. ഓഹരി, നാണയ, കമ്പോള വിപണികള്‍ കനത്ത അനിശ്ചിതത്വങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ കേന്ദ്ര ബാങ്കുകളും വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കൂട്ടുന്നു

4. മികച്ച സാമ്പത്തിക വളര്‍ച്ചയുടെ കരുത്തില്‍ ചൈന, ഇന്ത്യ തുടങ്ങിയ വിപണികളില്‍ ചെറുകിട നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്നു.

റെക്കാഡ് സ്വര്‍ണ ശേഖരവുമായി റിസര്‍വ് ബാങ്ക്

അമേരിക്കന്‍ ഡോളറിന്റെ ചാഞ്ചാട്ടം ശക്തമായതോടെ വിദേശ നാണയ ശേഖരത്തില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു. നടപ്പുവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ ശേഖരം 879.58 ടണ്ണായി ഉയര്‍ന്നു. ഇന്ത്യയുടെ മൊത്തം വിദേശ നാണയ ശേഖരത്തിലെ സ്വര്‍ണത്തിന്റെ അളവ് 12 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം മൊത്തം ശേഖരത്തിന്റെ 8.3 ശതമാനമായിരുന്നു സ്വര്‍ണം. ഇതോടൊപ്പം വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം പൂര്‍ണമായും നാട്ടിലെത്തിക്കാനും ഇന്ത്യ ശ്രമം ശക്തമാക്കുകയാണ്.