ഉന്നത വിദ്യാഭ്യാസം: യു.കെ ധവളപത്രമിറക്കി

Tuesday 24 June 2025 12:00 AM IST

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറച്ച് കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതുസംബന്ധിച്ച ധവളപത്രം പുറത്തിറക്കി. ബിരുദാനന്തര വിസ കാലാവധി ഇപ്പോഴത്തെ രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറക്കും. എന്നാൽ ഡോക്ടറൽ വിദ്യാർത്ഥികൾക്ക് നിലവിലെ ആനുകൂല്യങ്ങൾ തുടരും. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസുകളിൽ നിന്നുള്ള വരുമാനത്തിൽ പുതിയ 'ലെവി സിസ്റ്റം" വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തും. ഇത് ഹയർ എഡ്യുക്കേഷൻ ആൻഡ് സ്‌കിൽസ് സിസ്റ്റത്തിലേക്ക് തിരിച്ച്നിക്ഷേപിക്കും. സ്‌കിൽ വികസനം, തൊഴിൽ ലഭ്യത മികവ്, കുടിയേറ്റ നിയന്ത്രണം എന്നിവയുടെ ഭാഗമായാണ് സർക്കാർ ധവളപത്രം ഇറക്കുന്നത്.

വിദ്യാർത്ഥി വിസ highly-skilled ജോലികളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം റിപ്പോർട്ടിലില്ല. വിദ്യാർത്ഥി വിസയുടെ ദുരുപയോഗവും ചൂഷണവും വ്യാപകമാണെന്നും പലരും യു.കെയിലേക്ക് ജോലി ചെയ്യാനായി മാത്രമാണ് വിസ ഉപയോഗിക്കുന്നതെന്നും അവർക്ക് പഠനം പൂർത്തിയാക്കാനുള്ള ഉദ്ദേശമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാജുവേറ്റ് വിസ വഴി ബിരുദാനന്തര വിസ ലഭിച്ചവരിൽ പലർക്കും അതിന് യോജിച്ച ജോലി ലഭിക്കുന്നില്ല.

കോഴ്‌സ് എൻറോൾമെന്റ് നിരക്ക് 90% മുതൽ 95% ആയി ഉയർത്താനും കോഴ്‌സ് പൂർത്തീകരണ നിരക്ക് 85% മുതൽ 90%ആയി ഉയർത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. റെഡ്അംബർഗ്രീൻ സംവിധാനം അടിസ്ഥാനമാക്കി സ്‌പോൺസർ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും നിയമാനുസൃത പ്രവർത്തന ശേഷിയും വിലയിരുത്തും. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നിലവിലെ വിദ്യാഭ്യാസ സാമ്പത്തിക നയത്തിൽ വരുത്തുന്ന മാറ്റങ്ങൾ യൂണിവേഴ്‌സിറ്റികളുടെ നിലനില്പിനെയും യു.കെയെ ആഗോള വിദ്യാഭ്യാസ ഹബ്ബായി നിലനിർത്തുന്നതിനെയും പ്രതികൂലമായി ബാധിക്കും.

കുറഞ്ഞ പ്രവേശന യോഗ്യത ആവശ്യപ്പെടുന്ന യൂണിവേഴ്‌സിറ്റികൾ കൂടുതലായും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസ് ആശ്രയിക്കുകയാണ്. അതിനാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയാണെങ്കിൽ ഇവ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും.

..................................

അലയൻസ് യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ

ബംഗളുരുവിലെ അലയൻസ് യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എ ഓണേഴ്‌സ്, ബി.ബി.എ ഗ്ലോബൽ, ബി.ബി.എ ഇ കൊമേഴ്‌സ് & ഡിജിറ്റൽ മാർക്കറ്റിംഗ്, ബി.കോം വിത് ഫിൻ ടെക്ക് & എ.ഐ, ബി. ടെക്, എം.ബി.എ, എം.സി.എ, എം.ടെക്ക്, എം.ഡെസ്, എം.എസ്‌സി ഡാറ്റ സയൻസ്, ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, ലാ, പബ്ലിക് പോളിസി, അപ്ലൈഡ് മാത്തമാറ്റിക്‌സ് & സയൻസ്, ട്രാൻസ്ഡിസിപ്ലിനറി ഡിസൈൻ എന്നിവ യൂണിവേഴ്‌സിറ്റിയിലുണ്ട്. www.alliance.edu.in.