പാലക്കാട് -കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് തുടങ്ങി

Tuesday 24 June 2025 12:36 AM IST

തിരുവനന്തപുരം:കോഴിക്കോട് - പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് തുടങ്ങി.താത്കാലികാടിസ്ഥാനത്തിൽ സെപ്തംബർ 15വരെയാണ് സർവ്വീസ്.അതിന് ശേഷം തുടരുന്ന കാര്യം പരിഗണിക്കും.

രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട്ടെത്തുന്ന ട്രെയിനാണ് അൺറിസർവ്ഡ് എക്സ്‌പ്രസായി പാലക്കാട്ടേക്ക് പുതിയ സർവ്വീസ് നടത്തുക. പകൽ 11.30നും നാലിനുമിടയിൽ പാലക്കാടിനും കോഴിക്കോടിനുമിടയ്ക്ക് പകൽ വണ്ടികളില്ല എന്ന പരാതിക്ക് ഇതോടെ പരിഹാരമാകും.രാവിലെ 10.10ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് പാലക്കാട്ടെത്തും. പാലക്കാട്ടുനിന്ന് 1.50ന് തിരിച്ചുള്ള സർവ്വീസ് കോഴിക്കോട്ടെത്തിയശേഷം കണ്ണൂരിലേക്ക് പതിവ് സർവ്വീസ് നടത്തും.ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവ്വീസ്. ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.18 കോച്ചുകളാണ് ഉള്ളത്. വൈകിട്ട് എറണാകുളത്തുനിന്ന് ഷൊർണൂർ വരെയെത്തുന്ന മെമു നിലമ്പൂർ വരെ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.