ട്രെയിലർ ലോറിയിൽ നിന്ന് ഇറക്കവേ റേഞ്ച് റോവർ കാറിന് അടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

Tuesday 24 June 2025 12:39 AM IST

കൊച്ചി: ട്രെയിലർ ലോറിയിൽ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം. കാർ ഇറക്കാനെത്തിയ ഡ്രൈവേഴ്സ് യൂണിയൻ അംഗം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടിൽ റോഷൻ ആന്റണി സേവ്യർ (36) ആണ് മരിച്ചത്. ചളിക്കവട്ടത്തെ സി.ഐ.ടി.യു യൂണിയൻ അംഗമായ അനീഷിന് തലയ്‌ക്കും കൈക്കുമാണ് പരിക്ക്. ഇയാൾ പാലാരിവട്ടത്തെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ ഓടിച്ച എറണാകുളം സ്വദേശിയായ അൻഷാദിനെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൻ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളും യൂണിയൻ അംഗമാണ്.

കുണ്ടന്നൂരിലെ ജാഗ്വാർ-റേഞ്ച് റോവർ കാർ വിതരണ കമ്പനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മൂന്നു കോടി മുതൽ ആറര കോടി വരെ വിലയുള്ളതാണ് കാർ. ഓട്ടോമാറ്റിക് വാഹനത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഓടിച്ചയാൾക്ക് മനസിലാകാത്തതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. റോഷൻ ആന്റണിയും അനീഷും അൻഷാദുമാണ് ട്രെയ്‌ലറിൽ നിന്ന് കാർ ഇറക്കാൻ എത്തിയിരുന്നത്.

റോഷനും അനീഷും റാമ്പിൽ നിന്ന് സൈഡ് പറഞ്ഞുകൊടുക്കുകയായിരുന്നു. ട്രെയ്ലറിൽ റിവേഴ്സ് ഗിയറിൽ ഇറക്കവേ കാർ വേഗത്തിൽ ഉരുണ്ടിറങ്ങി. റാമ്പിൽ നിൽക്കുകയായിരുന്ന റോഷന് ഓടിമാറാൻ സാധിച്ചില്ല. റോഷന്റെ ദേഹത്തുകൂടി കയറിയ ശേഷം അനീഷിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്ത് നിറുത്തിയിരുന്ന ലോറിയിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്. പോസ്റ്റ് നിലംപൊത്തി. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഷൻ യാത്രാമദ്ധ്യേ മരിച്ചു.

മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. എൻ.എക്‌സ് ജോസഫിന്റെയും പരേതയായ ആനി ജോസഫിന്റെയും മകനാണ്. ഭാര്യ: ഷെൽമ റോഷൻ. മക്കൾ: ആൻസിയ റോഷൻ, എവിലിൻ റോഷൻ.