ഭൂനിയമ ചട്ട ഭേദഗതി ജൂലായിൽ: മന്ത്രി രാജീവ്

Tuesday 24 June 2025 12:00 AM IST

ഇടുക്കി: ഭൂനിയമം സംബന്ധിച്ച ചട്ട ഭേദഗതി ജൂലായിൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പി. രാജീവ്. പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ ക്രമവത്കരിക്കുകയാണ് ആദ്യഘട്ടം. നിലവിലുള്ള പട്ടയ ഭൂമിയിലെ പുതിയ നിർമ്മിതികൾ രണ്ടാം ഘട്ടത്തിലാണ്. ചട്ട ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കിയിലെ ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

തോട്ടം മേഖലയിലെ കോടതി കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. പ്ലാന്റേഴ്സ് മീറ്റിനെ തുടർന്ന് തോട്ടം മേഖലയിലെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. നിയമ, റവന്യു, വനം തുടങ്ങിയ വിവിധ വകുപ്പുകൾ ഒത്തുചേർന്ന് പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഏകോപനത്തിലാകും കമ്മിറ്റി രൂപീകരിക്കുക.

കാർഡമം ഹിൽസ് വനഭൂമിയാണെന്ന വനം വകുപ്പിന്റെ അവകാശവാദം സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തും. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ വിവിധ സഹായ പദ്ധതികൾ സംബന്ധിച്ച് ലഘു പുസ്തകവും ഉടൻ പുറത്തിറക്കും. തോട്ടം തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും.