ബൂത്ത് നിർണയ ചർച്ചയിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി

Tuesday 24 June 2025 12:51 AM IST

തിരുവനന്തപുരം: കോർപറേഷന്റെ വാർഡ് പുനർനിർണയത്തിന് ശേഷം ബൂത്തുകൾ നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ അഡിഷണർ സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിൽ നിന്ന് ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. യോഗത്തിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച് എം.ആർ. ഗോപകുമാറും അഡ്വ. ഗിരികുമാറും പങ്കെടുത്തത്.

കരട് പോളിംഗ് ബൂത്ത് പട്ടിക മുൻകൂട്ടി നൽകാതെ യോഗത്തിൽ 647 ബൂത്തുകളുടെ പേരുകൾ വായിച്ച് പാസാക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കരട് പട്ടിക നൽകി അവ വാർഡുകളിൽ പോയി വിലയിരുത്തി വേണം അന്തിമമാക്കേണ്ടതെന്നും അതിന് മതിയായ സമയം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ഈ ആവശ്യത്തെ മറ്റ് രാഷ്ട്രീയപാർട്ടികളും പിന്താങ്ങി. രാഷ്ട്രീയപാർട്ടികളോട് ആലോചിക്കാതെ ഉദ്യോഗസ്ഥർ തോന്നിയതുപോലെ ബൂത്തുകൾ നിർണയിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

സി.പി.എം അനുകൂല ഉദ്യോഗസ്ഥരെ മുൻനിറുത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ ബി.ജെ.പി എതിർക്കുമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.