വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഇന്ന് നാട്ടിലെത്തിക്കും

Tuesday 24 June 2025 12:55 AM IST

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു. മൃതദേഹം അഹമ്മദാബാദിൽ നിന്ന് വിമാനമാർഗം ഡൽഹി വഴി ഇന്നു രാവിലെ ആറരയ്‌ക്ക് തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ടയിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലിന് സംസ്‌കാരം.

ദുരന്തം നടന്ന് 11-ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലെത്തിയ സഹോദരൻ രതീഷിന്റെ ഡി.എൻ.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാൻ കാരണം. തുടർന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിൾ നാട്ടിൽ നിന്ന് ശേഖരിച്ചു ഗാന്ധിനഗറിലെ ലാബിൽ എത്തിച്ചിരുന്നു.

സഹോദരൻ ഇന്നലെ മൃതദേഹം ഏറ്റുവാങ്ങി. അപകട സ്ഥലത്തു നിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങൾ, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി. ബന്ധു ഉണ്ണികൃഷ്‌ണനും എയർഇന്ത്യ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഏതാനും പേരുടെ മൃതദേഹങ്ങൾ കൂടി മാത്രമാണ് ഇനി തിരിച്ചറിയാനുള്ളത്.