പഠനത്തോടൊപ്പം ഇനി കലയും തൊഴിലും

Tuesday 24 June 2025 12:45 AM IST
നടക്കാവ് സ്കൂളിലെ ക്രിയേറ്റീവ്‌ കോർണർ

ജില്ലയിൽ 23 സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ

കോഴിക്കോട്: പാഠഭാഗവുമായി ബന്ധപ്പെട്ട കലാപ്രവൃത്തി പരിചയ ക്ലാസുകളെ വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാൻ ക്രിയേറ്റീവ് കോർണർ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ). പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഈ അദ്ധ്യയന വർഷം നടപ്പാക്കുന്ന പഠന പിന്തുണ പദ്ധതിയാണ് ക്രിയേറ്റീവ് കോർണറുകൾ. സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്രിയേറ്റീവ് കോർണറുകൾ സജ്ജമാക്കുക. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി (കുസാറ്റ്) സഹകരിച്ചാണ് സ്‌കൂളുകളിൽ കോർണർ ഒരുക്കുന്നതും അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതും. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പദ്ധതി ജില്ലയിലെ 23 സർക്കാർ സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. കൃഷി, ഫാഷൻ ഡിസൈനിംഗ്, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, ഇലക്ട്രിക്കൽസ് എന്നീ ഏഴു മേഖലകളിലാണ് പരിശീലനം. സിലബസിലുള്ള തൊഴിൽ ഭാഗങ്ങളെ പ്രവൃത്തിയിലൂടെ പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്‌കൂളിൽ 5.5 ലക്ഷം രൂപയാണ് ചെലവിടുന്നത്.

തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും നല്ല മനോഭാവമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും.

ഡോ. എ.കെ. അബ്ദുൽ ഹക്കീം,

ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ

സമഗ്ര ശിക്ഷ കേരള.