ആവേശം നിറച്ച് ഒളിമ്പിക് ഡേ റൺ

Monday 23 June 2025 11:55 PM IST

തലസ്ഥാനത്ത് കാൽ ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും വിപുലമായ ഒളിമ്പിക് ഡേ റൺ നടന്നു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നാലിന് മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ കാൽലക്ഷത്തോളം പേർ അണിനിരന്നു.

കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ കായിക ഇതിഹാസം പി. ടി. ഉഷ, മന്ത്രിമാരായ വി. ശിവൻകുട്ടി, എം. ബി. രാജേഷ് എന്നിവർ സംസാരിച്ചശേഷം ഒളിമ്പിക് ഡേ റൺ ഫ്ളാഗ് ഓഫ് ചെയ്തു.

ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി ഉഷയും മന്ത്രി എം.ബി രാജേഷും തുറന്നജീപ്പിൽ മാനവീയം വീഥിയിൽ നിന്ന് സെൻട്രൽ സ്റ്റേഡിയം വരെ സഞ്ചരിച്ചു.പ്രശസ്ത കായിക താരങ്ങളായ ഷൈനി വിൽസൺ, കെ.എം ബീനമോൾ, സെബാസ്റ്റ്യൻ സേവ്യർ, ജിൻസി ഫിലിപ്പ്, രാമചന്ദ്രൻ, മുൻ ഐ.ജി ഗോപിനാഥ്, പത്മിനി തോമസ്,ദീപ,എസ്.ബി.ഐ ജനറൽ മാനേജർ സുശീൽ, കാനറ ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ്.രാജീവ് ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വിജു വർമ്മ തുടങ്ങിയവർ ഒളിമ്പിക് ഡേ റണ്ണിന് നേതൃത്വം നൽകി.

ദേശീയ-അന്തർദേശീയ കായിക താരങ്ങൾ, കായികസംഘടനാ ഭാരവാഹികൾ, പൊലീസ്, എൻ.സി.സി, എൻ.എസ്.എസ് അംഗങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. സൂംബ ഡാൻസ്, ബാൻഡ്മേളം, റോളർ സ്കേറ്റർമാർ തുടങ്ങിയവർ അനുഗമിച്ചു.

എല്ലാ ജില്ലകളിലും 5000 മുതൽ 10000 വരെ ആളുകളെ പങ്കെടുപ്പിച്ച് ഒളിമ്പിക് ഡേ റൺ നടന്നു. അർജുന അവാർഡ് ജേതാക്കൾ, സ്പോർട്സ് താരങ്ങൾ, കായിക സംഘാടകർ തുടങ്ങി 2 ലക്ഷത്തോളം പേർ എല്ലാ ജില്ലകളിലുമായി പങ്കാളികളായി. ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷനുകളുടെ മേൽനോട്ടത്തിൽ കായികമത്സരങ്ങൾ, സ്കൂൾ/ കോളേജ് കുട്ടികളുടെ കലാപരിപാടികൾ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ പരിപാടികൾ, രക്തദാന ക്യാമ്പ്, മുൻ കായിക താരങ്ങളുടെ പുനഃസമാഗമം, ചിത്രരചനാ മത്സരം, ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. ഒരാഴ്ചയായി നടന്നുവന്ന ഒളിമ്പിക് ദിന ആഘോഷങ്ങൾക്ക് സമാപനമായി.