കശുഅണ്ടി തൊഴിലാളികൾക്ക് പതിനായിരം രൂപയും10 കിലോ അരിയും നൽകണം

Tuesday 24 June 2025 12:00 AM IST

കൊല്ലം: അതിവർഷവും പഞ്ഞമാസവും കണക്കിലെടുത്ത് പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 10,000 രൂപയും പത്ത് കിലോ അരിയും വീതം നൽകണമെന്ന് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു

കാഷ്യു കോർപ്പറേഷൻ, കാപ്പെക്സ് ഫാക്ടറികളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറി തൊഴിലാളികൾക്ക് 12,000 രൂപ ബോണസ് അഡ്വാൻസും മാസ ശമ്പളക്കാരായ ജീവനക്കാർക്ക് ശമ്പളം പുതുക്കി നിശ്ചയിക്കാത്ത സാഹചര്യത്തിൽ നാലു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയും അനുവദിക്കണം. ജൂലായ് രണ്ടാംവാരം കൊല്ലം ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെയും യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെയും കാഷ്യു ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് വളയൽ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു യോഗം വർക്കിംഗ് പ്രസിഡന്റും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ് അദ്ധ്യക്ഷനായി. കെ.എസ്.വേണുഗോപാൽ, ജി.വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, കുരീപ്പുഴ മോഹനൻ, ടി.കെ.സുൽഫി, ബിജു ലക്ഷ്മികാന്തൻ. മോഹൻദാസ്, ഷാജഹാൻ, മങ്ങാട് രാജു, സുന്ദരേശൻ പിള്ള എന്നിവർ സംസാരിച്ചു.