നീരജ് ഇന്ന് ഒസ്ട്രാവയിൽ

Monday 23 June 2025 11:56 PM IST

ഒസ്ട്രാവ : ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഇന്ന് ചെക്ക് റിപ്പ്ളിക്കിലെ ഒസ്ട്രാവയിൽ നടക്കുന്ന ഗോൾഡൻ സ്പൈക്ക് അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാനിറങ്ങും. കഴിഞ്ഞ ദിവസം പാരീസ് ഡയമണ്ട് ലീഗ് മീറ്റിൽ 88.16 മീറ്റർ എറിഞ്ഞ് സ്വർണം നേടിയശേഷമുള്ള നീരജിന്റെ ആദ്യ മത്സരമാണിത്.

സെപ്തംബറിൽ ടോക്യോയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയെന്ന തന്റെ ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശീലനമാണ് ഒസ്ട്രാവയിലേതെന്ന് നീരജ് പറഞ്ഞു. ചെക്ക് റിപ്പബ്ളിക്കുകാരനായ ഇതിഹാസ ജാവലിൻ താരം യാൻ സെലസ്നിയാണ് നീരജിന്റെ കോച്ച്. കഴിഞ്ഞ മാസം നടന്ന ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ കരിയറിലാദ്യമായി 90 മീറ്ററിന് മുകളിൽ എറിയാൻ നീരജിന് കഴിഞ്ഞിരുന്നു.