രാജ്യത്ത് രാസലഹരി ഉപയോഗം ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കേരളത്തിൽ നിന്ന് രണ്ടെണ്ണം കൂടി പട്ടികയിൽ

Tuesday 24 June 2025 1:50 AM IST

കൊച്ചി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ഉയർന്നുനിൽക്കുന്ന ജില്ലകൾ അടയാളപ്പെടുത്തുന്ന 'ഹോട്ട് സ്‌പോട്ട്' പട്ടികയിൽ ഉൾപ്പെട്ട് തൃശൂരും പാലക്കാടും. ഇതോടെ ഈ പട്ടികയിലുള്ള സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം എട്ടായി. കോഴിക്കോട്, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളായിരുന്നു മറ്റ് ഹോട്ട് സ്‌പോട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കീഴിലുള്ള നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഗ്രഡ് ഡിമാൻഡ് റിഡക്ഷനാണ് (എൻ.എ.പി.ഡി.ഡി.ആർ) പട്ടിക തയ്യാറാക്കുന്നത്.

രജിസ്റ്റർ ചെയ്യുന്ന കേസുകളും മറ്റും അടിസ്ഥാനപ്പെടുത്തി നാഷണൽ ക്രൈം റെക്കാഡ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിശ്ചയിക്കുന്നത്. രാജ്യത്ത് 275 ജില്ലകൾ പട്ടികയിലുണ്ട്. 2020ൽ കേരളത്തിലെ നാല് ജില്ലകളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീടത് ആറിലേക്ക് ഉയർന്നു. ലഹരി വ്യാപനം കുറയ്ക്കാനായുള്ള തീവ്രശ്രമത്തിനിടെയാണ് രണ്ട് ജില്ലകൾകൂടി ഹോട്ട് സ്‌പോട്ടിലേക്കെത്തിയത്. 38 ജില്ലകളുള്ള തമിഴ്‌നാട്ടിൽ വെറും നാല് എണ്ണം മാത്രമേ പട്ടികയിലുള്ളൂ.

'ലഹരിമുക്ത ഗ്രാമം'

പദ്ധതിക്ക് 26ന് തുടക്കം എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ലഹരിമുക്ത ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു. ലഹരിമുക്ത സമൂഹത്തെ കെട്ടിപ്പടുക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. അഞ്ച് വ‌‌ർഷം നീണ്ടു നിൽക്കുന്നതാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായി നോ-എൻട്രി ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം 26ന് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായ നടൻ പൃഥിരാജ് നിർവഹിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, കൊച്ചി ഫ്യൂച്ചർ കേരള മിഷന്റെ പിന്തുണയോടെ ഫോർത്ത് വേവ് ഫൗണ്ടേഷൻ- പ്രൊജക്ട് 'വേണ്ട'യാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹൈബി ഈഡൻ എം.പി മുഖ്യാഥിതിയാകും.

മദ്യമാണ് വിദ്യാർത്ഥികളെ രാസലഹരിയിലേക്ക് അടുപ്പിക്കുന്നത്. എറണാകുളത്തെ പഞ്ചായത്തിലെ പഠനത്തിൽ 95 ശതമാനം യുവാക്കൾ ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്നതായി കണ്ടെത്തി. ബോധവത്കരണ പദ്ധതികളിലൂടെ ഇത് 6 ശതമാനം കുറയ്ക്കാനായി.

സി.സി. ജോസഫ്,​

ഡയറക്ടർ

ഫോർത്ത് വേവ് ഫൗണ്ടേഷൻ സംഘടന

കൊച്ചിയിലടക്കം ലഹരി ഉപയോഗം ഉയരുന്നതിൽ അതിയായ ആശങ്കയുണ്ട്. ഇതിന് പരിഹാരം കാണുകയാണ് ലഹരി മുക്ത ഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത്. വലിയമാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ

ഹൈബി ഈഡൻ എം.പി

 ഹോട്ട് സ്പോട്ട്

►സംസ്ഥാനം-ജില്ലകൾ

• രാജസ്ഥാൻ-33

• യു.പി 32

• പഞ്ചാബ് 28

• ഹരിയാന 12,

• ഒഡീഷ 10

•ഗുജറാത്ത് 8