അഹമ്മദാബാദ് വിമാനദുരന്തം; രഞ്ജിതയുടെ മൃതദേഹം കേരളത്തിൽ എത്തിച്ചു

Tuesday 24 June 2025 7:30 AM IST

തിരുവനന്തപുരം: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അന്തിമോപചാരത്തിനുശേഷം മൃതദേഹം പുല്ലാട്ടേയ്ക്ക് കൊണ്ടുപോയി. പത്ത് മണിക്ക് രഞ്ജിത പഠിച്ച പുല്ലാട്ട് വിവേകാനന്ദ സ്‌കൂളിൽ പൊതുദർശനമുണ്ടാവും. ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. വൈകിട്ട് 4.30നാണ് സംസ്‌കാരം.

രഞ്ജിതയുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിൽ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലെത്തിയ സഹോദരൻ രതീഷിന്റെ ഡി.എൻ.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാൻ കാരണമായത്. തുടർന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിൾ നാട്ടിൽ നിന്ന് ശേഖരിച്ച് ഗാന്ധിനഗറിലെ ലാബിൽ എത്തിച്ചതിനുശേഷം പരിശോധന നടത്തുകയായിരുന്നു. സഹോദരൻ ഇന്നലെ മൃതദേഹം ഏറ്റുവാങ്ങി. അപകട സ്ഥലത്തുനിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങൾ, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി. ബന്ധു ഉണ്ണികൃഷ്‌ണനും എയർ ഇന്ത്യ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഏതാനും പേരുടെ മൃതദേഹങ്ങൾ കൂടി മാത്രമാണ് ഇനി തിരിച്ചറിയാനുള്ളത്.