ആറ്റിങ്ങലിൽ സ്‌കൂൾ ബസിന് പിന്നിൽ കെഎസ്‌ആർടിസി ബസിടിച്ചു; 11 വിദ്യാർത്ഥികൾ ആശുപത്രിയിൽ
തിരുവനന്തപുരം: സ്‌കൂൾ ബസിന് പിന്നിൽ കെഎസ്‌ആർടിസി ഫാസ്റ്റ് ബസ് ഇടിച്ച് അപകടം. ആറ്റിങ്ങൽ ആലംകോടാണ് സംഭവം. ആറ്റിങ്ങൽ ഡയറ്റ് (ഡിസ്‌ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്)സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള കെ ടി സി റ്റി ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുട്ടികളുമായി ബസ് സ്‌കൂളിലേക്ക് പോവുകയായിരുന്നു. ആലംകോട്ട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിന്നിൽ അതേ ദിശയിൽ വന്ന കെഎസ്‌ആർടിസി ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. 30 വിദ്യാർത്ഥികളാണ് സ്‌കൂൾ ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 11പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കെഎസ്‌ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്.