"ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്‌തു"; പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്

Tuesday 24 June 2025 10:20 AM IST

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്‌തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. ശക്തി കേന്ദ്രങ്ങളിൽപ്പോലും എൽ ഡി എഫിന് തിരിച്ചടിയുണ്ടാകാൻ കാരണം അൻവറിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ നല്ല രീതിയിൽ വോട്ട് പിടിക്കുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. യു ഡി എഫിന്റെ വോട്ടല്ല ചോർന്നത്. ഭരണവിരുദ്ധവികാരമാണ് പ്രതിഫലിച്ചത്. നിലമ്പൂരിലെ ജനങ്ങൾക്ക് ആര്യാടൻ ഷൗക്കത്തിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


ഒമ്പത് വർഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിൽ നേടിയ വിജയം യു ഡി എഫിന് രാഷ്ട്രീയ കരുത്തായി. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ആദ്യമാണ്.

ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. ഷൗക്കത്തിന് 77,737 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 19,970 വോട്ടും ലഭിച്ചു. എൻ ഡി എ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ് ഡി പി ഐക്ക് 2,075 വോട്ടുകിട്ടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.

2016ൽ 11,504 വോട്ടിന് ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി. വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് ഏകദേശം അത്രയും വോട്ടുകൾക്കാണ് ഇക്കുറി വിജയം കുറിച്ചത്. പി വി അൻവർ സി പി എമ്മുമായി ഇടഞ്ഞ് രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുൻമന്ത്രിയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടൻ മുഹമ്മദ് മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കിയ മണ്ഡലത്തിൽ 2021ലും അൻവറാണ് വിജയിച്ചത്. അന്ന് വി വി പ്രകാശിനെ 2,700 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മൂന്ന് മുന്നണികൾക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച അൻവർ പരാജയപ്പെട്ടെങ്കിലും കരുത്തറിയിച്ചു.