പ്രവാസികൾക്ക് തിരിച്ചടിയാകുമോ? 2028 മുതൽ പുതിയ മാറ്റം, നിർണായക തീരുമാനമെടുത്ത് ഗൾഫ് രാജ്യം

Tuesday 24 June 2025 11:53 AM IST

മസ്‌കറ്റ്: എണ്ണയിതര വരുമാനം ലക്ഷ്യമാക്കി 2028 മുതൽ ആദായ നികുതി ഏർപ്പെടുത്താനൊരുങ്ങി ഒമാൻ. 2028 മുതൽ ആദായ നികുതി സംവിധാനം ഏർപ്പെടുത്താനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഇതോടെ ആദായ നികുതി ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമായി ഒമാൻ മാറും. 42,000 റിയാൽ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താനാണ് നീക്കം. സാമൂഹിക ചെലവുകൾ സംരക്ഷിക്കുന്നതിനൊപ്പം എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സാമ്പത്തിക മന്ത്രി സെയ്ദ് ബിൻ മുഹമ്മദ് അൽസഖ്രി പറഞ്ഞു.

ജിസിസിയിൽ അംഗങ്ങളായ അറ് രാജ്യങ്ങൾ ഇതുവരെ ആദായ നികുതി ഏർപ്പെടുത്തിയിട്ടില്ല. ജിസിസി രാജ്യങ്ങളുടെ നികുതിയില്ലാ നയത്തെത്തുടർന്ന് ഉയർന്ന വരുമാനമുള്ള വിദേശികളെ ഈ രാജ്യങ്ങളിലേക്ക് ആകർഷിച്ചിരുന്നു. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ തീരുമാനമാണ് ഇപ്പോൾ ഒമാൻ കൈക്കൊണ്ടിരിക്കുന്നത്. പൗരന്മാർക്കുള്ള സബ്സിഡിയും നികുതി രഹിത ശമ്പളവും സാമ്പത്തികമായി ദുർബലമാക്കിയെന്ന വിലയിരുത്തലിലാണ് നികുതി ഏർപ്പെടുത്തുന്നത്.

അതേസമയം, ഒമാന്റെ പുതിയ തീരുമാനം വിദേശനിക്ഷേപം കുറയ്ക്കുമെന്ന വിലയിരുത്തൽ വിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്. മറ്റ് ഗൾഫ് രാജ്യങ്ങൾ തേടി വിദേശ വ്യവസായികൾ കുടിയേറാനും സാദ്ധ്യതയുണ്ട്. നേരത്തെ സൗദി അറേബ്യയും വിദേശ പൗരന്മാർക്ക് ആദായ നികുതി ഏർപ്പെടുത്താനുള്ള ആലോചന നടത്തിയിരുന്നു. സർക്കാർ കണക്ക് പ്രകാരം 18 ലക്ഷം വിദേശികളുണ്ട്.