വിഎസിനെ കാണാൻ പിണറായി വിജയൻ ആശുപത്രിയിലെത്തി; മടങ്ങിയത് മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ
Tuesday 24 June 2025 11:56 AM IST
തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സിപിഎം ഉന്നത നേതാവുമായി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ 11.15ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.
ഇന്നലെ രാവിലെയാണ് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയാണ് വിഎസ്. 101 വയസാണ് അദ്ദേഹത്തിന്.