വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസീവിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിങ്ങനെ വിവിധ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തെ ചികിത്സിയ്ക്കാൻ നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ശ്വാസതടസവും ശാരീരിക അസ്വസ്ഥതകളും കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളോടും ഡോക്ടർമാരോടും മുഖ്യമന്ത്രി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ സന്ദർശന വിവരങ്ങൾ മുഖ്യമന്ത്രി മാദ്ധ്യമങ്ങളുമായി പങ്കുവച്ചില്ല.