പള്ളുരുത്തി കൊലക്കേസിൽ പുതിയ വഴിത്തിരിവ്: കാമുകിയുടെ ഭർത്താവ് അറസ്റ്റിൽ

Tuesday 24 June 2025 3:05 PM IST

കൊച്ചി: പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിൽ യുവാവിന്റെ കാമുകിയുടെ ഭർത്താവാണ് പ്രധാന പ്രതി. പെൺസുഹൃത്തും കൊലപാതകത്തിൽ പങ്കാളിയാണെന്ന് പൊലീസ് സംശയിക്കുന്നു. ഷിഹാസ് ഭാര്യ ഷഹനാസ് എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി ആഷിഖ് എന്ന യുവാവിനെ കാലിന് പരിക്കേറ്റ നിലയിൽ പെൺസുഹൃത്ത് ഷഹനാസ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം അരങ്ങേറിയത്. അപ്പോഴേക്കും ആഷിഖ് മരണമടഞ്ഞിരുന്നു. യുവതിയുമായുള്ള ആഷിഖിന്റെ ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്തം പുരണ്ട ഷൂസ് ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു, ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണ്.