അമ്പയറിനോട് കയർത്ത് റിഷഭ് പന്ത്; താക്കീതുമായി ഐസിസി

Tuesday 24 June 2025 3:59 PM IST

ലീഡ്സ്: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ഐസിസിയുടെ മുന്നറിയിപ്പ്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.8 ലംഘിച്ചതിനാണ് പന്തിനെതിരെ ഐസിസിയുടെ നടപടി. അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് നടപടി. ഇംഗ്ലണ്ടിനെതിരെ ലീഡ്സിൽ നടക്കുന്ന ആദ്യ ടെസ്റ്റിനിടെയാണ് റിഷഭ് പന്ത് അമ്പയറിനോട് പെരുമാറിയത്.


മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിലാണ് സംഭവം. 61-ാം ഓവറിൽ ജസ്പ്രീത് ബുംമ്ര ബോൾ മാറ്റണമെന്ന് അമ്പയറോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ബോൾ പരിശോധിച്ച ശേഷം അമ്പയർ ആവശ്യം വിസമ്മതിക്കുകയായിരുന്നു. അമ്പയറിന്റെ തീരുമാനം റിഷഭിന് ഒട്ടും ഇഷ്ടമായില്ല. ഇതിൽ പ്രകോപിതനായ താരം ബോൾ നിലത്തേക്ക് വലിച്ചെറിഞ്ഞ് തന്റെ രോഷം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താക്കീതുമായി ഐസിസി രംഗത്തെത്തിയത്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം അഞ്ചാം ദിവസം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. ഇംഗ്ലണ്ടിന് വിജയിക്കാൻ 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരായ സാക്ക് ക്രാളിയും (12*) ബെൻ ഡക്കറ്റും (9*) നിലവിൽ ക്രീസിലുണ്ട്.