അവസാനദിനം ഒരൊറ്റ‌ വിക്കറ്റും നേടാനാകാതെ വിയർത്ത് ഇന്ത്യൻ ബൗളർമാർ, ഇംഗ്ളണ്ട് സ്‌കോർ നൂറ് കടന്നു

Tuesday 24 June 2025 5:49 PM IST

ലീഡ്‌സ്: ഹെഡിംഗ്‌ലി ടെസ്‌റ്റിന്റെ അവസാനദിനം ഇന്ത്യ പരാജയ നിഴലിൽ. 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് നേരെ തീർക്കുന്നത്. താരതമ്യേന ഭേദപ്പെട്ട റൺറേറ്റോടെയാണ് ഇംഗ്ളണ്ട് മുന്നേറ്റം.

ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറി നേടി. 68 പന്തുകളിൽ നിന്നാണ് ഡക്കറ്റ് തന്റെ 14-ാമത് അർദ്ധ സെഞ്ച്വറി നേടിയത്. നിലവിൽ 89 പന്തിൽ ഡക്കറ്റ് 64 റൺസ് നേടി, സാക് ക്രോളി 93 പന്തിൽ 42 റൺസും നേടിയിട്ടുണ്ട്. ഒടുവിൽ വിവരമനുസരിച്ച് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ളണ്ട് 30 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 117 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ ആറ് റൺസ് മാത്രം ലീഡ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 364 റൺസിന് ഓൾഔട്ടായി. 333ന് നാല് എന്ന നിലയിൽ നിന്ന് 31 റൺസ് ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകൾ ഇന്ത്യ നഷ്‌ടപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ മദ്ധ്യനിര പൂർണ പരാജയമായിരുന്നു. ഒരൊറ്റ ഓവറിൽ റണ്ണൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ് ടംഗ് ആണ് ഇന്ത്യൻ മദ്ധ്യനിരയെ തകർത്തത്. 72 റൺസ് വഴങ്ങിയാണ് ടംഗ് മൂന്ന് വിക്കറ്റുകൾ നേടിയത്. ബ്രൈഡൺ കാർസ് 80 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി.

ഇന്ത്യയ്‌ക്കായി ക്ഷമയോടെ കളിച്ച ഓപ്പണർ കെ എൽ രാഹുൽ (137), രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (118) എന്നിവരാണ് മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. മറ്റൊരാളും 30 റൺസിന് മുകളിൽ സ്‌കോർ ചെയ്‌തില്ല.