പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിലെ അസൗകര്യങ്ങൾക്ക് ഉടൻ പരിഹാരം
പാലക്കാട്: കാത്തിരിപ്പിനൊടുവിൽ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് പൂർണതോതിൽ ബസ് സർവീസ് ആരംഭിക്കാൻ ആർ.ടി.എ അനുമതിയായെങ്കിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്തത് തിരിച്ചടിയാകുന്നു. സ്റ്റാൻഡിന് മുന്നിൽ നിലവിൽ പുല്ലുകൾ വളർന്ന അവസ്ഥയാണ്. ഇവിടെ മണ്ണും കൂട്ടിയിട്ടിട്ടുണ്ട്. ഈ പ്രദേശം വൃത്തിയാക്കണമെന്നതാണ് പ്രധാന ആവശ്യം. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകാത്തതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ ഒരു മാസത്തിനകം ഒരുക്കണമെന്ന് കഴിഞ്ഞ ആർ.ടി.എ യോഗത്തിൽ നിർദേശിച്ചു. നിലവിൽ സ്റ്റാൻഡിലേക്ക് എല്ലാ ബസുകളും എത്തുന്നുണ്ടോയെന്ന് ട്രാഫിക് അധികൃതർ ഉറപ്പാക്കുന്നുണ്ട്.
മുണ്ടൂർ വഴി വരുന്ന കോങ്ങാട്, മുണ്ടൂർ, ചെർപ്പുളശ്ശേരി, കോഴിക്കോട് ബസുകൾ താരേക്കാട് വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ യാത്രക്കാരെ ഇറക്കി തിരിച്ച് താരേക്കാട്, സുൽത്താൻപേട്ട വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം. തിരികെ പോകമ്പോൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ യാത്രക്കാരെ കയറ്റിയാണ് പോകേണ്ടത്. രണ്ട് കോടി 26 ലക്ഷം രൂപ വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഫണ്ടുപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മാണം പൂർത്തീകരിച്ചത്. 2024 ഒക്ടോബറിലാണ് ടെർമിനൽ നഗരസഭയ്ക്ക് കൈമാറിയത്.
വേഗം പൂർത്തിയാക്കേണ്ട ജോലികൾ
സ്റ്റാൻഡിലേക്ക് വെള്ളം വീഴാൻ സാദ്ധ്യതയുള്ള വശങ്ങൾ അടയ്ക്കണം. സ്റ്റോപ്പർ ഘടിപ്പിച്ച ഭാഗത്ത് കോൺക്രീറ്റിട്ട് ബലപ്പെടുത്തണം. യാത്രക്കാർക്ക് കുടിവെള്ള സൗകര്യമൊരുക്കണം. കൂടുതൽ ഇരിപ്പിടങ്ങൾ ആവശ്യമുണ്ട്. നിരീക്ഷണ കാമറയും സ്ഥാപിക്കണം. സ്റ്റാൻഡിനകത്തേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കവാടങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കണം. സ്റ്റാൻഡിൽ ലഘുഭക്ഷണ ശാലകളും ആരംഭിക്കണം.
ഒരാഴ്ചയ്ക്കകം വെളിച്ചം വരും
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ തെളിയിക്കുന്നതിനുള്ള ടെൻഡർ നടപടികളായി. ഒരാഴ്ചയ്ക്കകം പ്രവർത്തിച്ചു തുടങ്ങും. കംഫർട്ട് സ്റ്റേഷനും ഉടൻ തുറന്നുനൽകുമെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ പറഞ്ഞു.