ഇംഗ്ലണ്ടിന് വേണ്ടത് 102 റണ്‍സ്, ഇന്ത്യ വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റുകള്‍; ഹെഡിംഗ്‌ലി ടെസ്റ്റ് ഫോട്ടോഫിനിഷിലേക്ക്

Tuesday 24 June 2025 9:13 PM IST

ഹെഡിംഗ്‌ലി: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് അവസാന ദിവസം ചായ സമയത്ത് കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയിലാണ്. മത്സരത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ടിന് ജയം 102 റണ്‍സ് അകലെയാണ്. ജയത്തിലേക്കുള്ള ഇന്ത്യയുടെ ദൂരം ആറ് വിക്കറ്റുകളുടേതും. ഇടയ്ക്ക് രസംകൊല്ലിയായി മഴയും എത്തുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഒരു പ്രവചനം അസാദ്ധ്യമാണ്.

വിക്കറ്റ് പോകാതെ 21 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ബെന്‍ ഡക്കറ്റ് (149) സെഞ്ച്വറി നേടിയപ്പോള്‍ സഹ ഓപ്പണര്‍ സാക് ക്രൗളി (65) അര്‍ദ്ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 188 റണ്‍സാണ് അടിച്ചെടുത്തത്. സാക് ക്രൗളിയെ മടക്കി പ്രസീദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോര്‍ 206ല്‍ എത്തിയപ്പോള്‍ മികച്ച ഫോമിലുള്ള ഒലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കി.

ജോ റൂട്ട് - ബെന്‍ ഡക്കറ്റ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി റണ്‍നിരക്ക് താഴാതെ നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ ബെന്‍ ഡക്കറ്റിനേയും ഹാരി ബ്രൂക്കിനേയും (0) പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. സ്‌കോര്‍ 253ല്‍ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (13*), മുന്‍ നായകന്‍ ജോ റൂട്ട് (14*) എന്നിവരാണ് ക്രീസിലുള്ളത്. നിലവില്‍ മഴ കാരണം ചായക്ക് ശേഷമുള്ള കളി പുനരാരംഭിക്കാന്‍ വൈകുകയാണ്.