മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ; എസ്ബിഐയില്‍ ഒരു ക്ലര്‍ക്കിന് ലഭിക്കുന്ന ശമ്പളം എത്ര?

Tuesday 24 June 2025 9:23 PM IST

ബാങ്ക് ജോലി ലക്ഷ്യമിട്ട് തയ്യാറെടുപ്പുകള്‍ നടത്തുന്ന ഏതൊരു ഉദ്യോഗാര്‍ത്ഥിയുടേയും സ്വപ്‌നമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ജോലിയെന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളില്‍ ഒന്നായിട്ടാണ് എസ്ബിഐ അറിയപ്പെടുന്നത്. രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ അക്കൗണ്ട് തുറക്കുന്നതും ഇവിടെ തന്നെയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും വിവിധ കോണുകളില്‍ ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ ശൃംഖലയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ബാങ്ക് എന്നും എസ്ബിഐ അറിയപ്പെടുന്നു.

എസ്ബിഐയിലെ ക്ലര്‍ക്ക് തസ്തികയില്‍ നിരവധിപേരാണ് ജോലി ചെയ്യുന്നത്. ഉപഭോക്താക്കളുമായി ഏറ്റവും അധികം സംവദിക്കുന്നത് ബാങ്കിലെ ക്ലര്‍ക്കുകളാണ്. എല്ലാ വര്‍ഷവും എസ്ബിഐ ക്ലര്‍ക്ക് തസ്തികയിലേക്ക് പരീക്ഷ നടത്താറുണ്ട്. ബിരുദം യോഗ്യതയുള്ളവര്‍ക്കാണ് ഈ പരീക്ഷ എഴുതാന്‍ സാധിക്കുക. മൂന്ന് ഘട്ടങ്ങളുള്ള പരീക്ഷയാണ് എസ്ബിഐ നടത്തുന്നത്. ഈ പരീക്ഷ എഴുതി പാസാകുന്നതിന് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക.

രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ ശ്രമിക്കുന്ന ഈ ജോലിയുടെ ശമ്പളം എത്രയാണെന്നറിയാമോ? ബേസിക് പേ അഥവാ അടിസ്ഥാന ശമ്പളമായി ഒരു ക്ലര്‍ക്കിന് 26,730 രൂപയാണ് ലഭിക്കുക. കാലക്രമേണ ആറ് വര്‍ദ്ധനവുകളിലൂടെ ഇത് 64,480 രൂപയായി ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമേ മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ 44,000 മുതല്‍ 46,000 വരെയാണ് ഒരു ക്ലര്‍ക്കിന് ഒരു മാസം ലഭിക്കുന്ന ശമ്പളം. ഇടയ്ക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കുന്നതിന് അനുസരിച്ച് ശമ്പളത്തില്‍ വര്‍ദ്ധനവും വളരെ വേഗത്തില്‍ തന്നെ ഉണ്ടാകാറുണ്ട്.