ഇന്ന് ഭരണഘടനാ ഹത്യാദിനം ആചരിക്കണമെന്ന് ഗവർണർ

Wednesday 25 June 2025 12:00 AM IST

തിരുവനന്തപുരം: രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ അമ്പതാം വാർഷികമായ ജൂൺ 25ന് സർവകലാശാലകളിൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കാൻ വൈസ്ചാൻസലർമാരോട് ഗവർണർ ആർ.വി. ആർലേക്കർ നിർദ്ദേശിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം, അത് രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിച്ചതെങ്ങനെ എന്നിവയെക്കുറിച്ച് സെമിനാറുകളും സമ്മേളനങ്ങളും നടത്താനാണ് ഗവർണറുടെ അഡി. ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് വി.സിമാർക്കയച്ച കത്തിലുള്ളത്. 14 സർവകലാശാലകൾക്കാണ് നിർദ്ദേശം. ജൂൺ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുന്നത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് 5.30ന് അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ എന്ന പരിപാടിയിൽ ഗവർണർ പങ്കെടുക്കുന്നുണ്ട്. അടിയന്തരാവസ്ഥയിൽ ജയിൽ വാസമനുഭവിച്ചവരെ ചടങ്ങിൽ ആദരിക്കും. ശ്രീ പദ്മനാഭ സേവാ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.