പൂജാവിഗ്രഹങ്ങൾ സേവാഭാരതിക്കാർ മോഷ്ടിച്ചുവെന്ന് പുഷ്പാഞ്ജലി സ്വാമിയാർ, ഭൂമാഫിയയാണ് സ്വാമിക്ക് പിന്നിലെന്ന് സേവാഭാരതി
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം നിരാഹാരമനുഷ്ഠിച്ചിരുന്ന പുഷ്പാജ്ഞലി സ്വാമിയാരുടെ താത്കാലിക ഷെഡ് സേവാഭാരതി പ്രവർത്തകർ പൊളിച്ചുമാറ്റിയതിനെ തുടർന്ന് വീണ്ടും സമരം ശക്തമാക്കി പുഷ്പാജ്ഞലി സ്വാമിയാർ. തന്റെ പൂജാ വിഗ്രഹങ്ങൾ സേവാഭാരതി പ്രവർത്തകർ മോഷ്ടിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സമരപന്തലിൽ പൂജയ്ക്കായി ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങൾ സംഘർഷത്തിനിടെ സേവാഭാരതിക്കാർ മോഷ്ടിച്ചുവെന്നും, ഇതോടെ തന്റെ പൂജമുടങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം പുഷ്പാജ്ഞലി സ്വാമിയാരുടെ സമരത്തിന് പിന്നിൽ ഭൂമാഫിയയുടെ കരങ്ങളാണുള്ളതെന്ന് സേവാഭാരതി പ്രതിനിധികൾ ആരോപിക്കുന്നു. എന്നാൽ പൊലീസിന്റെ സാന്നിധ്യത്തിൽ സ്വാമി ഇന്നലെ തന്നെ പൂജാസാമഗ്രികളും വിഗ്രഹങ്ങളും കൊണ്ടുപോയെന്നാണ് സേവാഭാരതി പ്രവർത്തകർ പ്രതികരിച്ചത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠം സംഘപരിവാർ കൈയേറി എന്നാരോപിച്ചാണു പുഷ്പാജ്ഞലി സ്വാമിയാരുടെ നിരാഹാരസമരം തുടങ്ങിയത്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രധാനപൂജാരിയും പൂജാവിധികളും ആചാരങ്ങളും സംബന്ധിച്ച തീരുമാനമെടുക്കാൻ അവകാശമുള്ളയാളുമാണ് പുഷ്പാഞ്ജലി സ്വാമിയാർ. ആർ.എസ്.എസ് പോഷകസംഘടനയായ സേവാഭാരതി കൈവശംവച്ചിരിക്കുന്ന കോട്ടയ്ക്കകത്തെ കെട്ടിടം തിരികെ നൽകണമെന്നാവശ്യപ്പെട്ടും ആചാരപ്രകാരമുള്ള ചതുർമാസപൂജ അവിടെ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ചുമായിരുന്നു നിരാഹാരസമരം. സമരസ്ഥലത്ത് കെട്ടിയ പന്തൽ ഒരുസംഘം പൊളിച്ചു. ഇതോടെ നിരാഹാരം നിറുത്തിയ പുഷ്പാഞ്ജലി സ്വാമിയാർ കെട്ടിടത്തിൽ മുഞ്ചിറ മഠം പുനഃസ്ഥാപിക്കുന്നതിനായി സത്യഗ്രഹം തുടങ്ങുമെന്ന് പറഞ്ഞു.