പ്ളസ്ടു സർട്ടിഫിക്കറ്റിലെ തെറ്റ്; അന്വേഷണത്തിന് സമിതി പുതിയവയുടെ വിതരണം നാളെ മുതൽ

Wednesday 25 June 2025 12:00 AM IST

തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാർത്ഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റിൽ തെറ്റുണ്ടായതിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. ഹയർ സെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ (അക്കാഡമിക്)​, സംസ്ഥാന ഐ.ടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക. പിശക് പറ്റിയവയ്ക്ക് പകരം സർട്ടിഫിക്കറ്റ് അടിയന്തരമായി വിതരണം ചെയ്യാനും ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.

തെറ്റ് തിരുത്തിയ സർട്ടിഫിക്കറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ കെ. മാണിക്കരാജ് അറിയിച്ചു. തെറ്റായ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളിൽ നിന്ന് തിരികെ വാങ്ങി പിഴവില്ലാത്തത് നൽകും. ഇതുവരെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കാത്ത സ്‌കൂളുകൾ തെറ്റില്ലാത്തതാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തണം. പിശക് പറ്റിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി സ്‌കൂളുകളിൽ സൂക്ഷിക്കണം.

പാർട്ട് ത്രീ ഓപ്ഷണൽ രണ്ടാമത്തെ വിഷയത്തിൽ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയതിലാണ് പിശക് സംഭവിച്ചത്. സർട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തിൽ ഒരുപോലെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിർണയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വ്യത്യസ്തമായ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റിൽ ആദ്യവർഷത്തെ മാർക്ക് തന്നെയാണ് രണ്ടാമത്തെ വർഷത്തെ മാർക്കായി രേഖപ്പെടുത്തിയത്.