പലിശ ഉടൻ കുറയ്ക്കില്ലെന്ന് ഫെഡറൽ റിസർവ്

Wednesday 25 June 2025 1:00 AM IST

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കാനില്ലെന്ന് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്നലെ വ്യക്തമാക്കി. പലിശയിൽ കാത്തിരുന്ന് തീരുമാനമെടുക്കുകയെന്ന നയമാണ് പിന്തുടരുന്നത്. ഇതോടെ അമേരിക്കയിലെ മുഖ്യ ഓഹരി സൂചികകൾ വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തി. പലിശ നിരക്കുകൾ ഉടനടി കുറയ്ക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തോട് താത്പര്യമില്ലെന്നാണ് ജെറോം പവൽ സൂചന നൽകുന്നത്. ട്രംപിന്റെ വ്യാപാര യുദ്ധ നയങ്ങൾ അമേരിക്കയിൽ നാണയപ്പെരുപ്പം ഗണ്യമായി ഉയർത്താൻ സാദ്ധ്യതയുള്ളതിനാൽ പലിശ കുറയ്ക്കുന്നത് ആത്മഹത്യാപരമാകുമെന്ന നിലപാടാണ് സാമ്പത്തിക വിദഗ്ദ്ധർക്കുമുള്ളത്. എന്നാൽ ജെറോം പവലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് ഇന്നലെയും സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രംപ് ഉയർത്തിയത്. കഴിഞ്ഞ വാരം ഐകകണ്ഠ്യേനയാണ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടയെന്ന തീരുമാനം 19 അംഗങ്ങളുള്ള ഫെഡറൽ റിസർവ് സമിതി എടുത്തത്.