രഞ്ജിതയ്ക്ക് യാത്രാമൊഴി, മാലാഖ മടങ്ങി

Wednesday 25 June 2025 12:28 AM IST

കോഴഞ്ചേരി : പൂമ്പാറ്റയെ പോലെ ഉല്ലസിച്ച് ഓടിക്കളിച്ച വിദ്യാലയ മുറ്റത്തേക്ക് ചേതനയറ്റ് രഞ്ജിതയെത്തിയപ്പോൾ മലയാളക്കരയാകെ തേങ്ങി. അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ ഭൗതിക ശരീരം രാവിലെ 7 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മൃതദേഹത്തെ അനുഗമിച്ച സഹോദരൻ രതീഷ് ജി.നായരുൾപ്പടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. രാവിലെ 10 മണിയോടെ രഞ്ജിത അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിന്റെ മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാഭാഗത്തുനിന്നുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ ഇതേ സ്കൂളിൽ പത്താംതരം വിദ്യാർത്ഥിയാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളുമടങ്ങുന്ന സ്കൂൾ ബന്ധുക്കൾക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ടവർ വിങ്ങുന്ന ഹൃദയവുമായി ഒഴുകിയെത്തി. മകൾ ഇതികയുടെ സഹപാഠികളായ ഇരവിപേരൂർ ഒ.ഇ.എം സ്കൂളിലെ വിദ്യാർത്ഥികളും മകന്റെ സഹപാഠികളും പുഷ്പാഞ്ജലികളർപ്പിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുനനഞ്ഞു. സംസ്ഥാന സർക്കാരിന് വേണ്ടി സംസ്ഥാന സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ പുഷ്പചക്രം സമർപ്പിച്ചു. സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ,മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ , ആന്റോ ആന്റണി.എം.പി , എം.എൽ.എമാരായ കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, മാത്യു ടി തോമസ് , സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം , മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ , ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. ഒന്നരയോടെ പൊതു ദർശനം അവസാനിപ്പിച്ച് ഭൗതീക ശരീരം വീട്ടിലേക്കെത്തിച്ചു. കുടുംബവീടിനോട് ചേർന്ന് പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ നടുത്തളത്തിൽ ഭൗതികശരീരം കിടത്തിയപ്പോൾ അമ്മ തുളസിക്കുട്ടിയമ്മയും മക്കളായ ഇന്ദുചൂഡനും ഇതികയുമുൾപ്പടെ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. അയൽക്കാരും ബന്ധുക്കളുമുൾപ്പടെയുള്ളവർ തങ്ങളുടെ പ്രിയപ്പെട്ടവളെ യാത്രയാക്കാൻ വീട്ടിൽഎത്തിയിരുന്നു. വൈകിട്ട് 4.30ഒാടെ പുല്ലാട് ശ്രീരാമകൃഷ്ണവിലാസം എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾക്കു ശേഷം ഭൗതികശരീരം വീട്ടുവളപ്പിൽ തയ്യാറാക്കിയ ചിതയിലേക്കെടുത്തു. മകൻ ഇന്ദുചൂഡൻ നിറകണ്ണുകളോടെ അമ്മയുടെ ഭൗതീക ശരീരത്തിന് വലംവച്ച് ചിതയ്ക്ക് തീ കൊളുത്തി. സ്വപ്നങ്ങളും മോഹങ്ങളും അഗ്നിനാളങ്ങളിൽ സമർപ്പിച്ച മാലാഖ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ഇനി തുടരും.