പണിതീരാത്ത വീട്ടിൽ അവസാനമായി
പത്തനംതിട്ട : മക്കളുമൊത്ത് നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ച രഞ്ജിത പണിതീരാത്ത വീട്ടിലേക്ക് മടങ്ങിയെത്തിയത് ചേതനയറ്റ്. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ മകളെ അവസാനമായി ഒന്നുകാണാൻ പോലും കഴിയാതെ അലമുറയിടുന്ന കാൻസർ ബാധിതയായ അമ്മ തുളസിക്കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ലായിരുന്നു ബന്ധുക്കൾക്ക്. എംബാം ചെയ്ത പെട്ടിയിലേക്ക് നോക്കി നിലവിളിക്കുന്ന കുഞ്ഞുമക്കളോട് അമ്മ ഇതിലുണ്ടെന്ന് പറയുമ്പോൾ കണ്ടു നിന്നവരെല്ലാം കരഞ്ഞുപോയി. തനിച്ചാക്കി അമ്മ കടന്നുപോയെന്ന് വിശ്വസിക്കാനാതെ ഇതികയും ഇന്ദുചൂഡനും ഭൗതീകദേഹം അടങ്ങുന്ന പെട്ടിയ്ക്ക് മുകളിലുള്ള ചിത്രത്തിലേക്ക് നോക്കിയിരിക്കുന്ന കാഴ്ച കണ്ടു നിൽക്കുന്നവരെയെല്ലാം കണ്ണിനെ ഈറനണിയിച്ചു. പരീക്ഷയുടെ മാർക്ക് പറയാൻ, കൂട്ടുകാരുമൊത്തുള്ള കളി ചിരികൾ പറയാൻ ഇനി ആരുമില്ലെന്ന മക്കളുടെ വേദനയെ ലഘൂകരിക്കാൻ ആർക്കുമായില്ല. കുഞ്ഞനിയത്തിയെ യാത്രയാക്കാൻ സഹോദരങ്ങളായ രഞ്ചിത്തും രതീഷുമൊപ്പമുണ്ടായിരുന്നു.