അവൾ ഞങ്ങളുടെ ലീഡർ

Wednesday 25 June 2025 12:32 AM IST

പത്തനംതിട്ട: പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി യാത്രയാക്കാൻ അവർ ഒരുമിച്ചെത്തി. രഞ്ജിതയുടെ വിയോഗം താങ്ങാനാവാതെ പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാതെ, പഠിച്ചും കളിച്ചും വളർന്ന സ്കൂൾ മുറ്റത്ത് അവർ ഒത്തുചേർന്നു. ഒന്ന് മുതൽ പത്ത് വരെ കൂടെ പഠിച്ച അനുവിന് സങ്കടം അടക്കാനായില്ല. പാട്ട്, നൃത്തം, പ്രസംഗം തുടങ്ങി എല്ലാ കാര്യത്തിലും മുന്നിലുണ്ടായിരുന്ന കൂട്ടുകാരി. ഡാൻസെല്ലാം പഠിപ്പിക്കുന്നത് രഞ്ജിത ആയിരുന്നു. രഞ്ജിത എല്ലാ മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നുവെന്ന് ഹരികുമാർ പറഞ്ഞു. രഞ്ജിത നാട്ടിലെത്തുമ്പോൾ വിളിക്കുമായിരുന്നു. അപ്പോൾ എല്ലാവരും ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യും. പാട്ടും കോമഡിയുമെല്ലാമായി ആഘോഷമായിരുന്നു രഞ്ജിത. എല്ലാവരോടും സൗഹൃദം സൂക്ഷിക്കും. അവൾടെ വിഷമം മറന്ന് നമ്മളെ ആശ്വസിപ്പിക്കും. ക്ലാസ് ലീഡർ ആയിരുന്നു. ഇത്തവണ വന്നപ്പോൾ ഇനി പോയി വന്നിട്ട് കൂടാം എന്ന് പറഞ്ഞിരുന്നു. കൂട്ടുകാർക്ക് രഞ്ജിതയെ കുറിച്ച് പറയാൻ ഏറെയുണ്ട്.