'ടു മില്യൺ പ്ലഡ്ജ്' നാളെ; മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും 

Wednesday 25 June 2025 12:03 AM IST
ടു മില്യൺ പ്ലഡ്ജ്

 ജില്ലാ കേന്ദ്രം ടൗൺ ഹാൾ, ഒരേസമയം 42,000 കേന്ദ്രങ്ങളിൽ പ്രതിജ്ഞ ചൊല്ലും

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം 'ടു മില്യൺ പ്ലഡ്ജ്' നാളെ. രാവിലെ 11.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രതിജ്ഞ ചൊല്ലി കൊടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ജില്ലാതല ഉദ്യോഗസ്ഥർതുടങ്ങിയവരും സർക്കാർ, അർദ്ധസർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ സാമൂഹിക സാംസ്‌കാരിക സംഘടനകൾ, മത വ്യാപാരവ്യവസായ മേഖലകൾ, തൊഴിലാളി സംഘടനകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരും പ്രതിജ്ഞയുടെ ഭാഗമാകും. ടൂ മില്യൺ പ്ലഡ്ജുമായി ബന്ധപ്പെട്ട പരിപാടികൾ രാവിലെ 10.30 മുതൽ ടൗൺ ഹാളിൽ ആരംഭിക്കും. ജില്ലയിലെ 20 ലക്ഷം പേർ ഒരുമിച്ച് ഒരേസമയം 42,000 കേന്ദ്രങ്ങളിൽ പ്രതിജ്ഞയെടുക്കുന്നതിലൂടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് ചരിത്രം കുറിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രതിജ്ഞ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രതിജ്ഞ കേന്ദ്രങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പ്രത്യേകം വിലയിരുത്തി അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ്, കോഴിക്കോട് എ.സി.പി എ.ഉമേഷ് എന്നിവർ പങ്കെടുത്തു.