ട്രാൻ. ബസ് യാത്രാ വിവരം ലൈവായി 'ചലോ" ആപ്പിൽ

Wednesday 25 June 2025 1:09 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് യാത്രാവിവരങ്ങൾ ലൈവായി 'ചലോ' എന്ന മൊബൈൽ ആപ്പിലൂടെ അറിയാമെന്ന് മന്ത്രി കെ.ബി. ഗണേശ്‌ കുമാർ. സ്റ്റോപ്പിൽ എത്തുന്ന അടുത്ത ബസ്, അതിലെ ഒഴിവുള്ള സീറ്റുകൾ അടക്കമുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. ബസിൽ കയറുംമുമ്പ് ടിക്കറ്റെടുക്കാം. ആപ്പിലെ ക്യൂ.ആർ കോഡ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തണം.

സ്മാർട്ട് ട്രാവൽ കാർഡുകളും ആപ്പ് വഴി ചാർജ്ജ് ചെയ്യാം. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങി ഉപയോഗിക്കാം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാനായി സൗകര്യപ്രദമായ മാറ്റം ആപ്പിൽ വരുത്തും.

ബസുകളുടെ യാത്രാവിവരം ഓൺലൈനിൽ ലഭ്യമായ സാഹചര്യത്തിൽ അന്വേഷണ കൗണ്ടറുകൾ നിറുത്തലാക്കും. പകരം ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണുകൾ നൽകും. പരാതികൾ ഈ നമ്പരിൽ അറിയിക്കാം. 24 മണിക്കൂറും മൊബൈൽ പ്രവർത്തന സജ്ജമായിരിക്കണം. ബസ് ഷെഡ്യൂളിംഗ് എ.ഐ അടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയറിലേക്ക് മാറ്റും. യാത്രക്കാരില്ലാത്തപ്പോൾ ബസ് ഒതുക്കിയിടും.


കൺസെഷൻ ബസിൽ പുതുക്കാം
വിദ്യാർത്ഥി കൺസെഷനും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള യാത്രാ പാസുകളും കാർഡിലേക്ക് മാറും. വിദ്യാർത്ഥികൾക്ക് കാർഡ് പുതുക്കാൻ ഡിപ്പോയിൽ എത്തേണ്ടതില്ല. ബസിൽ കാർഡിന്റെ തുക നൽകി പുതുക്കാം. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്സ് കാർഡുകൾ വിതരണം ചെയ്ത് തുടങ്ങും.