രഞ്ജിത ഇനി കണ്ണീരോർമ്മ, വിട നൽകി നാട്

Wednesday 25 June 2025 12:00 AM IST
രഞ്ജിത ഇനി കണ്ണീരോർമ്മ

കോഴഞ്ചേരി: പണിതീരാത്ത തന്റെ വീടിന്റെ പറമ്പിൽ രഞ്ജിതയുടെ സ്വപ്നങ്ങൾ ചിതയിലെരിഞ്ഞു. അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ മകൻ ഇന്ദുചൂഡ‌ന്റെയും പൊട്ടിക്കരഞ്ഞ മകൾ ഇതികയുടെയും നിലവിളി നാടിന്റെ നൊമ്പരമായി. അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി.നായരുടെ (40) സംസ്കാര ചടങ്ങുകൾക്ക് വൻജനാവലി സാക്ഷിയായി. യു.കെ.യിൽ നഴ്സായ രഞ്ജിത ഇവിടുത്തെ ജോലി ഉപേക്ഷിച്ച് കേരളത്തിൽ ആരോഗ്യവകുപ്പിൽ ലഭിച്ച ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടത്തിൽ മരിച്ചത്. ദുരന്തം നടന്ന് 11-ാം ദിവസമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഡി.എൻ.എ പരിശോധനയ്ക്കായി അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരൻ രതീഷ് ജി നായരും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചിരുന്നു.

രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിപ്പേർ ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ പുഷ്പചക്രം സമർപ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹം പുല്ലാട് കോഞ്ഞോണ് തറവാടിന് സമീപം രഞ്ജിത പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ നടുത്തളത്തിൽ പൊതുദർശനത്തിന് വച്ചതോടെ അമ്മ തുളസിക്കുട്ടിയമ്മയും മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. വൈകിട്ട് നാലരയോടെയായിരുന്നു സംസ്കാരം. മകൻ ഇന്ദുചൂഡൻ, രഞ്ജിതയുടെ സഹോദര പുത്രൻമാരായ കാശിനാഥ്, ശ്രീറാം എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.രഞ്ജിതയുടെ ഒാർമ്മയായി വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത് ഒരു ചെരുപ്പും മോതിരവും മാലയും കരിഞ്ഞ വസ്ത്രവുമാണ്. ഇവ ബന്ധുക്കൾക്ക് കൈമാറിയിരുന്നു.