കരുമാടിക്കുട്ടനെ അവഹേളിക്കുന്നു, നശിക്കുന്നത് ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതി
ആലപ്പുഴ: കേരള പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമെന്നു പേര്. പക്ഷേ കരുമാടിയിലെ കരുമാടിക്കുട്ടന് സംരക്ഷണമില്ല. തെരുവ് നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കരുമാടിക്കുട്ടൻ സമുച്ചയം. കേരളത്തിൽ ബുദ്ധചരിത്രം പേറുന്ന അപൂർവ നിർമ്മിതികളിൽ ഒന്നാണ് നശിക്കുന്നത്.
പ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിന്റെ ചില്ലു വാതിൽ തകർന്നിട്ട് നാളേറെയായി. അതിഥികൾക്കുള്ള വിശ്രമ കേന്ദ്രത്തിന്റെ ഓടുകൾ പൊട്ടി. ടൈലുകൾ തകർന്നു. ചുറ്റമതിലിലെ ഗ്രില്ലുകൾ ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയിൽ. 2015ൽ 15 ലക്ഷം രൂപ മുടക്കി സർക്കാർ ഇവിടം നവീകരിച്ച് ചുറ്റുമതിൽ കെട്ടി. എന്നാൽ, കുടിവെള്ളവും ടോയ്ലെറ്റുമടക്കം പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. സെക്യൂരിറ്റിയെ നിയമിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. സന്ദർശകർക്ക് വിവരങ്ങൾ വിശദീകരിച്ച് നൽകാൻ ആരുമുണ്ടാകാറില്ല.
സ്മാരകത്തിന് തൊട്ടുമുന്നിലാണ് ഹരിതകർമ്മസേനയുടെ മാലിന്യസംഭരണ പെട്ടി സ്ഥാപിച്ചിരിക്കുന്നത്. നായ്ക്കൾ പെറ്റുപെരുകി അവിടമാകെ വിഹരിക്കുകയാണ്. സാമൂഹ്യ വിരുദ്ധർ രാത്രിതാവളമാക്കുന്നതിന് അടയാളമായി ഒഴിഞ്ഞ മദ്യക്കുപ്പികൾ സ്മാരകത്തിനു ചുറ്റുമുണ്ട്.
തോട്ടിൽ നിന്നു കിട്ടിയ പ്രതിമ
വളരെക്കാലം കരുമാടിത്തോട്ടിൽ അറിയപ്പെടാതെ കിടന്നിരുന്നു കരുമാടിക്കുട്ടൻ പ്രതിമ. 1930ൽ ബ്രിട്ടീഷ് പോർട്ട് എൻജിനിയറായിരുന്ന റോബർട്ട് ബ്രിസ്റ്റോ ആണ് കണ്ടെത്തി സംരക്ഷിച്ചത്. ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വലതുവശം തകർന്ന നിലയിലാണ് കിട്ടയത്. പിന്നീട് സമീപപ്രദേശത്ത് നിന്ന്
കരുമാടിക്കുട്ടന്റെ വലതുകൈ കിട്ടി. ഇത് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലുണ്ട്. 1965ൽ കരുമാടിക്കുട്ടനെ കാണാൻ ദലൈലാമ നേരിട്ടെത്തി. ബുദ്ധപൂർണിമ ദിനത്തിൽ ടിബറ്റിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ബുദ്ധ ആചാര്യന്മാരും വിശ്വാസികളും ഇവിടെ ഒത്തുചേരാറുണ്ട്. വിദ്യാർത്ഥികളും വിനോദസഞ്ചാരികളും സ്മാരകം കാണാനെത്തുന്നുണ്ട്.
പ്രളയത്തിൽ ചെളികയറിക്കിടന്നിട്ട് പോലും പുരാവസ്തു വകുപ്പ് തിരിഞ്ഞുനോക്കിയില്ല. വർഷങ്ങളായി സ്തൂപത്തിന്റെ പെയിന്റിംഗും പ്രദേശം വൃത്തിയാക്കലുമെല്ലാം ഞങ്ങളാണ് ചെയ്തുപോരുന്നത്
- എം.എം.നിഷു, കേരള ബുദ്ധിസ്റ്റ്
കൗൺസിൽ അംഗം