നെൽവില: കർഷകർക്ക് നൽകാനുള്ളത് 810 കോടി

Wednesday 25 June 2025 1:23 AM IST

ആലപ്പുഴ: പുഞ്ചകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും നെൽവില ലഭിക്കാതെ കർഷകർ. 810.73 കോടിയാണ് നൽകാനുള്ളത്. പി.ആർ.എസ് വായ്പയ്ക്കായി കൺസോർഷ്യത്തിലുൾപ്പെട്ട എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സർക്കാർ പണം അനുവദിക്കാത്തതാണ് തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടൻ നെൽവില വിതരണം പുനരാരംഭിക്കാനാകുമെന്ന് എസ്.ബി.ഐ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചത്. മേയ് അവസാനത്തോടെ പൂർത്തിയായി. മുഴുവൻ നെല്ലും സപ്ളൈകോ സംഭരിച്ചു.

എന്നാൽ, പകുതി കർഷകർക്കുപോലും നെല്ലിന്റെ വില വിതരണം ചെയ്യാനായിട്ടില്ല. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകിയതോടെ കർഷകർക്ക് താങ്ങാനാകാത്ത ഭാരമായി. കാലവർഷം നേരത്തെയെത്തിയതിനാൽ ജൂണിൽ ആരംഭിക്കേണ്ട രണ്ടാംകൃഷിയുടെ വിത ഇപ്പോഴും നടക്കാത്ത പാടങ്ങളുണ്ട്.

നെല്ല് സംഭരണം 2024-25ൽ

സംഭരിച്ച നെല്ല് .....................5.78 ലക്ഷം മെട്രിക് ടൺ

കർഷകർ................................2,06,442

നെല്ലിന്റെ വില.......................1,635 കോടി

കർഷകർക്ക് കൊടുത്തത്...824 കോടി

കൊടുക്കാനുള്ളത് ................810.73കോടി

''നെല്ല് സംഭരണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും വില നൽകാത്തത് അംഗീകരിക്കാനാകില്ല

-നെൽകർഷക സംരക്ഷണ സമിതി