വി.​എസി​ന്റെ നി​ലയി​ൽ മാറ്റമി​ല്ല

Wednesday 25 June 2025 12:00 AM IST

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരുന്നു. കാർഡിയോളജി,ന്യൂറോളജി,നെഫ്രോളജി വിഭാഗങ്ങൾ സംയുക്തമായാണ് ചികിത്സിക്കുന്നത്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഇന്നലെ ഉച്ചയോടെ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ. എന്നാൽ തുടർന്ന് ആരോഗ്യനിലയിൽ വലിയ മെച്ചമുണ്ടായില്ലെന്നാണ് വിവരം. പ്രായത്തിന്റെ അവശതകൾ കണക്കിലെടുത്ത് സാദ്ധ്യമായ ചികിത്സകളാണ് നൽകുന്നതെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വി.എസ് ചികിത്സയിലുള്ള പട്ടം എസ്.യു.ടിയിലെത്തി. ഐ.സി.യുവിലേക്ക് അദ്ദേഹം പ്രവേശിച്ചില്ല. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. മന്ത്രിമാർ,​ എം.എൽ.എമാർ,​ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തി ബന്ധുക്കളെ കണ്ടു.