താലൂക്ക് മർച്ചന്റ് അസോ. ഗോൾഡൻ ജൂബിലി ആഘോഷം

Wednesday 25 June 2025 12:49 AM IST
താലൂക്ക് മർച്ചന്റ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: താലൂക്ക് മർച്ചന്റ് അസോസിയേഷന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസോസിയേഷൻ രൂപീകരിച്ചിട്ട് അരനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷങ്ങൾ.

ജൂലായ്17ന് ശ്രീധരീയം കൺവെൻഷൻ സെന്ററിൽ 'കെ സി ബ്രൈറ്റ് സുവർണ്ണ ജ്വാല' എന്ന പേരിൽ ഒരു മെഗാ ഇവന്റ് സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ഈ പരിപാടിയിൽ പങ്കെടുക്കും.പിന്നണിഗായകൻ അഫ്സൽ നയിക്കുന്ന സംഗീതവിരുന്ന്, യുവസംരംഭകർക്കുള്ള പുരസ്കാര വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം, കുടുംബസംഗമം തുടങ്ങിയ പരിപാടികൾ 'സുവർണ്ണ ജ്വാല'യുടെ ഭാഗമായി നടക്കും. ഏകദേശം രണ്ടായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിപാടിയുടെ പോസ്റ്റർ പ്രകാശനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എസ്.സുധീർ ചോയ്സ്, സെക്രട്ടറി രഞ്ജീവ് ശേഖർ, എം.അനീസ്, കെ.ജെ.മേനോൻ, വിജിൽ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.