ശംഖിലി വനമേഖലയിൽ കാട്ടാനക്കൂട്ടം; സ്കൂൾ ജീപ്പിന് നേരെ പാഞ്ഞടുത്തു, നാട്ടുകാർ ഭീതിയിൽ
Wednesday 25 June 2025 12:02 AM IST
കുളത്തൂപ്പുഴ: ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന ശംഖിലി വനമേഖലയിൽ ഉൾപ്പെട്ട വേങ്കോല്ല ശാസ്താനട ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തി. വൈകിട്ട് സ്കൂൾ കുട്ടികളുമായി എത്തിയ ജീപ്പിന് മുന്നിലേക്ക് ആനക്കൂട്ടം ചിന്നംവിളിയുമായി പാഞ്ഞടുത്തത് ആശങ്ക സൃഷ്ടിച്ചു. ഡ്രൈവറുടെ മനോധൈര്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ആനക്കൂട്ടത്തെ കണ്ടയുടൻ ജീപ്പ് ഏറെ ദൂരം പിന്നോട്ട് അതിവേഗം എടുത്തതുകൊണ്ടാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നവർക്ക് അപകടം പറ്റാതെ രക്ഷപ്പെട്ടത്. ഈ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ പോലും കാട്ടാനക്കൂട്ടം പാതയോരത്ത് നിലയുറപ്പിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി പാതയ്ക്ക് ഇരുവശവും സോളാർ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.