പന്തയം വച്ച് പാര്‍ട്ടി 'മാറി'; ഗഫൂര്‍ ഇനി കൊടി മാറ്റി പിടിക്കും 

Wednesday 25 June 2025 12:20 AM IST

കാളികാവ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയിയെ ചൊല്ലിയുള്ള പന്തയത്തില്‍ തോറ്റ സി.പി.ഐ ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയും ഭൂസംരക്ഷണ സമിതി അംഗവുമായ അറക്കുണ്ടില്‍ ഗഫൂര്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. ലീഗ് നേതാവും റിയല്‍ എസ്റ്റേറ്റ് എസ്.ടി.യു ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കൊപ്പത്ത് മാനുവുമായിട്ടായിരുന്നു പന്തയം. തുവ്വൂര്‍ സ്വദേശികളും സുഹൃത്തുക്കളുമായ ഇരുവരും തൊട്ടടുത്ത വണ്ടൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരാണ്.

ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ സി.പി.ഐ വിട്ട് മുസ്ലിംലീഗില്‍ അംഗത്വമെടുക്കുമെന്ന് ഗഫൂറും സ്വരാജ് ജയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മാനുവും പന്തയംവച്ചു. അത് രേഖാമൂലം തയ്യാറാക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഗഫൂര്‍ മാനുവിന്റെ വീട്ടിലെത്തി വാക്കു പാലിക്കുന്നതായി അറിയിച്ചു. ഇരുവരുടെയും സുഹൃത്തായ കൊറ്റങ്ങോടന്‍ ഹുസൈന്റെ സാന്നിദ്ധ്യത്തില്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് ഗഫൂറിന് മെമ്പര്‍ഷിപ്പ് നല്‍കുമെന്ന് മാനു പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലായ 14നാണ് സംഭവം. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടെ ഷൗക്കത്ത് പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഷരീഫ് പറഞ്ഞു. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ജയിക്കുമെന്നും മറിച്ചായാല്‍ ലീഗില്‍ ചേരാമെന്നും ഗഫൂറും പറഞ്ഞു. ഫലം വന്നതോടെ ഇന്ന് രാവിലെ സിപിഐയില്‍ നിന്നു രാജിവയ്ക്കുകയായിരുന്നു. മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. തുടര്‍ന്ന് ഔദ്യോഗികമായി മുസ്ലിം ലീഗില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു.