ജി.എൽ.പി.എസ് വെളിനല്ലൂരിൽ പുസ്തകക്കൂട് ഉദ്ഘാടനം

Wednesday 25 June 2025 12:55 AM IST
വെളുനല്ലൂർ ഗവ.എൽ. പി സ്കൂളിലെ വായനാവാരത്തോടനുബന്ധിച്ച് ഒരുക്കിയ പുസ്തകക്കൂടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷൈൻകുമാർ നി‌ർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. എം.അൻസർ, പി.ടി.എ പ്രസിഡന്റ് കിരൺ ബാബു, ഹെഡ്മിസ് റാണി എന്നിവ‌ർ സമീപം

ഓയൂർ: വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് വളർത്തുന്നതിനും ജി.എൽ.പി.എസ് വെളിനല്ലൂരിൽ 'പുസ്തകക്കൂട്' ആരംഭിച്ചു. അദ്ധ്യാപകരുടെയും കുട്ടികളുടെയും പി.ടി.എയുടെയും സംയുക്ത ശ്രമഫലമായാണ് ഈ വേറിട്ട സംരംഭം യാഥാർത്ഥ്യമാക്കിയത്.

സ്കൂൾ വളപ്പിലെ കാത്തിരിപ്പ് ഷെഡിന്റെ ഭാഗത്താണ് ലൈറ്റ് ബോക്സ് ശൈലിയിലുള്ള ഈ വായനശാല ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഏത് സമയത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഇവിടെ വെച്ച് പോകാനും ആവശ്യമുള്ളവ എടുത്ത് വായിക്കാനും സൗകര്യമുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ഷൈൻ കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ പുസ്തക സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് സി.കിരൺ ബാബു അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക വി.റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.ഷീജ നന്ദിയും പറഞ്ഞു.

പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.