മോദി ഗാന്ധിജിയുടെ ആത്മപ്രതീകം: സ്വാമി സച്ചിദാനന്ദ
ന്യൂഡൽഹി: ഗുരുദേവന്റെ ഏകലോക ദർശനം അടിസ്ഥാനമാക്കി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും മതഭേദങ്ങളില്ലാത്ത രാജ്യ പുരോഗതിയും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ച ശതാബ്‌ദിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെ താൻ ഗാന്ധിജിയുടെ ആത്മപ്രതീകമായി കാണുന്നു.ഗുരു ഇന്ത്യയുടെ ആത്മാവാണെന്ന് പറഞ്ഞ ആളാണ് നരേന്ദ്ര മോദി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതു പറയുന്നത്. ശിവഗിരി മഠത്തോട് എന്നും ആഭിമുഖ്യമുള്ള ആളാണ് മോദി. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദ്യം വന്നു. ഗുരു-ഗാന്ധിജി ശതാബ്‌ദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രി നേരിട്ട് അറിയിക്കുകയായിരുന്നു. ആരുടെയും ശുപാർശ വേണ്ടി വന്നില്ല. ഇങ്ങനെയൊരു പ്രധാനമന്ത്രി ആദ്യമാണ്. ഗുരുവിന്റെ വിശ്വദർശനം അടിസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഗുരുദേവനോടും ശിവഗിരിയോടും വലിയ ആദരവ് കാണിക്കുന്നു. ശിവഗിരിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെന്നും സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.