അൻവറിനെ തള്ളാനും കൊള്ളാനുമാവാതെ യു.ഡി.എഫ്

Wednesday 25 June 2025 1:40 AM IST

മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിച്ച പി.വി. അൻവറിനെ തള്ളാനും കൊള്ളാനുമാവാതെ യു.ഡി.എഫ്. മുന്നണി പ്രവേശനത്തിൽ താത്പര്യം പ്രകടിപ്പിച്ച് അൻവർ രംഗത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ അൻവർ ഉയർത്തുന്ന രാഷ്ട്രീയവും പിന്തുണയും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിലേയും മുസ്‌ലിം ലീഗിലെയും ഒരുവിഭാഗം നേതാക്കളുടെ വിലയിരുത്തൽ. വിവാദ നിലപാടുകളിലൂടെയും പരാമർശങ്ങളിലൂടെയും അൻവർ പിന്നീട് ബാദ്ധ്യത ആവുമോ എന്നതാണ് ഇവരുടെ ആശങ്ക. അൻവറിന്റെ മുന്നണി പ്രവേശനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് നിർണ്ണായകമാവും. തന്നെ വ്യക്തിപരമായി നിരന്തനം കടന്നാക്രമിച്ച അൻവറിനോട് പൊടുന്നനെ മയപ്പെടേണ്ടെന്നാണ് വി.ഡി. സതീശന്റെ തീരുമാനം. അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തനിക്ക് ഒന്നും പറയാനില്ലെന്ന് ഇന്നലെയും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

അൻവറിനെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് നേരത്തെ നിലപാടെടുത്ത മുസ്‌ലിം ലീഗ് നേതൃത്വം തത്ക്കാലം വിഷയത്തിൽ സജീവമായി ഇടപെടേണ്ടെന്ന തീരുമാനത്തിലാണ്. യു.ഡി.എഫിൽ ചർച്ചയ്ക്ക് വരുമ്പോൾ നിലപാട് വ്യക്തമാക്കും. മുന്നണി രാഷ്ട്രീയത്തിനൊപ്പമല്ലാതെ നിലനിൽപ്പില്ലെന്ന തിരിച്ചറിവിൽ അൻവർ യു.ഡി.എഫ് പ്രവേശനത്തിനായി തന്റെ മുൻനിലപാടുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. വി.ഡി. സതീശൻ ചെയർമാനായ യു.ഡി.എഫിലേക്ക് താൻ വരില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ അൻവർ ഇപ്പോൾ നിലപാട് മാറ്റി. വി.ഡി. സതീശനുമായി യാതൊരു അഭിപ്രായ വ്യത്യാസവും തനിക്കില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. താൻ പറയുന്നത് വസ്തുതാപരമായ കാര്യങ്ങളാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാൻ ഉപതിരഞ്ഞെടുപ്പിലൂടെ സാധിച്ചിട്ടുണ്ട്. അത് മനസ്സിലാക്കാൻ ശേഷിയുള്ള നേതാക്കന്മാർ യു.ഡി.എഫ് നേതൃത്വത്തിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. അൻവറിന്റെ പിന്തുണയെ ആര്യാടൻ ഷൗക്കത്തും സ്വാഗതം ചെയ്തിട്ടുണ്ട്. അൻവർ ഉൾപ്പെടെ ആരും പിന്തുണ അറിയിച്ചാലും സ്വീകരിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിൽ നിർണ്ണായകം

  • തദ്ദേശ തിരഞ്ഞെടുപ്പിലും അൻവർ ഫാക്ടർ പ്രതിഫലിക്കുമോ എന്നതിലാണ് യു.ഡി.എഫിന്റെ ആശങ്ക.
  • ചെറിയ വോട്ടുകൾ പോലും നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ നിലവിൽ മലയോര മേഖലയിൽ യു.ഡി.എഫ് ഭരിക്കുന്ന ഇടങ്ങളിലെ ഭരണമാറ്റങ്ങളെ സ്വാധീനിക്കാനുള്ള വോട്ട് അൻവറിന് ഉണ്ടെന്നാണ് വിലയിരുത്തൽ.
  • യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്ന് കാര്യമായി വോട്ട് ചോർത്താൻ അൻവറിന് കഴിഞ്ഞിട്ടുണ്ട്.
  • എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നടക്കം വോട്ട് ചോർത്തിയിട്ടുണ്ട്.

അൻവറിനെ ചെറുതായി കാണുന്നില്ല. പിണറായിസത്തിന് എതിരായ വോട്ടുകളാണ് അദ്ദേഹം പിടിച്ചത്. അൻവറിന്റെ മുന്നണി പ്രവേശനം യു.ഡി.എഫ് യോഗം ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്.

എം.കെ. മുനീർ, ലീഗ് നേതാവ്