നിലമ്പൂരിലെ വോട്ട് ചോർച്ച; വിശദ പരിശോധനയ്ക്ക് സി.പി.എം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്ന വിലയിരുത്തലിൽ വിശദ പരിശോധനയ്ക്ക് സി.പി.എം ബൂത്ത് തല കണക്കുകളിലെ പരിശോധന തുടങ്ങി. പരമ്പരാഗത ഇടതുകോട്ടകളിലടക്കം വോട്ടു ചോർന്നത് സി.പി.എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഭരണത്തിലുള്ള നിലമ്പൂർ നഗരസഭ, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിൽ കാര്യമായ വോട്ട് ചോർച്ചയുണ്ടായി. മറ്റ് പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ എം.സ്വരാജ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ആദ്യം എണ്ണിയ വഴിക്കടവിലെ തണ്ണിക്കടവ് ബൂത്തിൽ പി.വി.സ്വരാജ് അൻവറിനേക്കാൾ താഴെ പോയിട്ടുണ്ട്. സ്വരാജിന് 128 വോട്ട് ലഭിച്ചപ്പോൾ അൻവറിന് 153 വോട്ട് ലഭിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ ഒന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്ഥിതി ഉണ്ടായിട്ടില്ല.
ഇടതുകോട്ടകളായി വിലയിരുത്തുന്ന അമരമ്പലം പഞ്ചായത്തിലെ 263-ാം ബൂത്ത്, പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം എന്നിവിടങ്ങളിൽ ഷൗക്കത്തിന് അപ്രതീക്ഷിതമായി വലിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അൻവറും വോട്ട് പിടിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭയിൽ ബൂത്ത് നമ്പർ 169ൽ ഷൗക്കത്തിന് 418 വോട്ട് ലഭിച്ചപ്പോൾ സ്വരാജിന് 218 വോട്ട് മാത്രമാണ് ലഭിച്ചത്. യു.ഡി.എഫിന്റെ മുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് നിലമ്പൂർ മുനിസിപ്പാലിറ്റി ആണെന്നതിനാൽ ഇവിടെ പ്രത്യേക പരിശോധനയ്ക്കും തിരുത്തൽ നടപടികൾക്കും പ്രാധാന്യമേകും. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ തൊട്ടുമുന്നിലെത്തിയ സാഹചര്യത്തിൽ വോട്ട് ചോർച്ച പരിശോധിച്ച് പരിഹാര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ തിരിച്ചടി ആവർത്തിച്ചേക്കുമെന്ന ഭയം സി.പി.എം നേതൃത്വത്തിനുണ്ട്.
പാളിയോ സ്ഥാനാർത്ഥി നിർണ്ണയം പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തിയാൽ തോൽക്കുമെന്ന് അറിഞ്ഞിട്ടും എന്തിന് നിലമ്പൂരിൽ ഇതിന് തയ്യാറായെന്ന ചോദ്യമുന സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. പാർട്ടി സ്ഥാനാർത്ഥിത്വം തോൽവിയുടെ ആഴം കൂട്ടിയെന്നാണ് ഇവരുടെ നിഗമനം. തിരഞ്ഞെടുപ്പ് ഏകോപന ചുമതല ഏൽപ്പിക്കപ്പെട്ടതിന് പിന്നാലെ മണ്ഡലത്തിലെത്തിയ സ്വരാജ് സ്വതന്ത്രസ്ഥാനാർത്ഥി പരീക്ഷണത്തിനാണ് കൂടുതൽ സാദ്ധ്യതയെന്ന റിപ്പോർട്ടാണ് നേതൃത്വത്തിന് നൽകിയത്. പൊതുവോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയല്ലെങ്കിൽ വിജയസാദ്ധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇത് സംസ്ഥാന നേതൃത്വം ഉൾകൊണ്ടില്ലെന്ന് ഒരുവിഭാഗം നേതാക്കളുടെ ആക്ഷേപം.
ബൂത്ത് തലത്തിൽ നിന്ന് ലഭിച്ച കണക്കുകൾ വെച്ച് എന്താണ് സംഭവിച്ചതെന്ന് വളരെ വിശദമായും ഗൗരവമായും പാർട്ടി വിലയിരുത്തും. പാർട്ടിയുടെ അടിസ്ഥാന വോട്ടിൽ ചോർച്ച ഉണ്ടായിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ ലഭിച്ചു. പരമ്പരാഗതമായി കോൺഗ്രസ് മണ്ഡലമാണെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
ഇ.ജയൻ, സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇൻചാർജ്