ഉത്‌പാദനച്ചെലവും വരുമാനവും ഒത്തു പോകുന്നില്ല: ക്ഷീര കർഷകർ കളമൊഴിയുന്നു

Wednesday 25 June 2025 2:43 AM IST

കാളികാവ്: ഉത്‌പാദനചെലവും വരുമാനവും ഒത്തുപോവാത്തത് ക്ഷീര കർഷകരെ പ്രതികൂലമായി ബാധിക്കുന്നു. ഇതോടെ ഉപജീവനത്തിന് മറ്റു മാർഗ്ഗങ്ങൾ തേടേണ്ട അവസ്ഥയാണിപ്പോൾ. ഒരു ലിറ്റർ പാലിന് ശരാശരി 45 രൂപയാണ് കർഷകന് ലഭിക്കുന്നത്.ഇത് 70 രൂപയെങ്കിലുമായാലേ നില നിന്നു പോവാനാവൂയെന്ന് കർഷകർ പറയുന്നു. രണ്ടുവർഷത്തിനിടെ കാലിത്തീറ്റയുടെ വില ഇരട്ടിയായി. ഒരു പശുവിന്റെ ഇൻഷ്വറൻസ് പ്രീമിയം 6000 രൂപയായി വർദ്ധിച്ചു. പശുക്കളുടെ ശുശ്രൂഷാ, മരുന്ന് ചെലവുകൾ ഇരട്ടിയായി.

കഠിനമായ ചൂടും രോഗബാധയും കാരണം പശുക്കൾ ചത്തുപോകുന്നതും കർഷകന് തിരിച്ചടിയാണ്. മിൽമയുടെ ഭാഗത്തു നിന്നു കർഷകർക്കായുള്ള നടപടികളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

തദ്ദേശ സ്ഥാപനങ്ങൾ ക്ഷീര കർഷകർക്ക് നൽകുന്ന സബ്സിഡി വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. വർഷത്തിൽ നാലോ അഞ്ചോ മാസമാണ് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്നത്. ഇത് 12 മാസമായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്ന പാലിൽ നല്ലൊരു ഭാഗം തമിഴ് നാട്ടിൽ നിന്നും വരുന്നതാണ്. ഗുണനിലവാരം കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമാണിത്. തമിഴ്‌നാട്ടിൽ ഉത്‌പാദനച്ചെലവും കാലിത്തീറ്റ വിലയും കേരളത്തെ അപേക്ഷിച്ച് കുറവായതിനാൽ അവർക്ക് കുറഞ്ഞ വിലയിൽ പാൽ വിതരണം ചെയ്യാനാവും.

വെല്ലുവിളികളേറെ

പാൽ ഉത്‌പാദന രംഗത്ത് വരവും ചെലവും ഒത്തു പോകാത്തതിനാൽ

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒട്ടേറെ കർഷകർ ക്ഷീര കൃഷി നിറുത്തിപ്പോയിട്ടുണ്ട് . കാലിത്തീറ്റയുടെ വിലയും തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവുമാണ് കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റെല്ലാ കാർഷികോത്‌പന്നങ്ങളെയും പോലെ പാലിനും താങ്ങു വില നിശ്ചയിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.